ടെൽ അവീവ്: ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ നടത്തിയ ബോംബാക്രമണത്തിൽ കത്തിയമർന്ന് ഗാസ. നൂറിലേറെ പേർ കൊല്ലപ്പെട്ടു. അതിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിന് പിന്നാലെ ഗാസ പട്ടണത്തിൽ നിന്ന് പകുതിയോളം പേർ പലായനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇപ്പോഴും നിരവധി ഇസ്രയേലി ടാങ്കുകളും കവചിത വാഹനങ്ങളും ഗാസ പട്ടണത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്.
മൂന്നാമത് ഡിവിഷൻ കൂടി ഉടൻ ഗാസയിലേക്ക് എത്തുമെന്നാണ് ഇസ്രയേൽ സൈന്യം അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ കുറഞ്ഞത് ഇരുപതോളം വീടുകളും പാർപ്പിട സമുച്ചയങ്ങളും മോസ്കും ഇസ്രയേൽ സൈന്യം തകർത്തതായാണ് റിപ്പോർട്. രണ്ടുവർഷത്തെ യുദ്ധത്തിനിടയിലെ ഏറ്റവും കഠിനമായ അക്രമണങ്ങൾക്കാണ് ഇസ്രയേൽ ഗാസ നഗരത്തെ വിധേയമാക്കിയത്.
ഭയത്താൽ ആയിരക്കണക്കിന് ഗാസക്കാർ ബോംബുകൾക്കും വെടിയുണ്ടകൾക്കും നടുവിലൂടെ പലായനം ചെയ്യുകയാണ്. യുദ്ധവിമാനങ്ങൾ താഴ്ന്ന് പറക്കുകയാണ്. നൂറുകണക്കിന് ആളുകളാണ് പരിക്കേറ്റ് വീഴുന്നത്. കുടുംബങ്ങളും രക്ഷാപ്രവർത്തകരും കോൺക്രീറ്റിന്റെയും വളഞ്ഞൊടിഞ്ഞ ഉരുക്കിന്റെയും കൂമ്പാരങ്ങൾക്കിടയിലും തിരച്ചിൽ നടത്തുന്നു. ഷെല്ലാക്രമണം, ഹെലികോപ്ടറുകൾ, മിസൈലുകൾ, ഡ്രോണുകൾ, എന്നിവ കാരണം രക്ഷാപ്രവത്തനം വളരെ മന്ദഗതിയിലാണ് നടക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ തലവൻ ഈ ആക്രണത്തെ ‘ഭയാനകം’ എന്നാണ് വിശേഷിപ്പിച്ചത്. ‘ഗാസ കത്തുകയാണ്’ എന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് എക്സിൽ കുറിച്ചു. ആക്രമണത്തെ തുടർന്ന് ഗാസ സിറ്റിയിലെ 40 ശതമാനം താമസക്കാർ, അതായത് ഏകദേശം മൂന്നരലക്ഷം പേർ തെക്ക് ഭാഗത്തേക്ക് പലായനം ചെയ്തിട്ടുണ്ട്. ആക്രമണം ആരംഭിച്ചതുമുതൽ ചുരുങ്ങിയത് 106 പലസ്തീനികൾ കൊല്ലപ്പെട്ടതായും അവരിൽ 91 പേർ ഗാസ സിറ്റിയിൽ മാത്രമാണെന്നും മെഡിക്കൽ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ