ടെൽ അവീവ്: 15 മാസത്തെ തടവറ വാസത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയതിന്റെ ആഹ്ളാദത്തിലാണ് അവർ മൂന്നുപേരും. ഇസ്രയേൽ-ഗാസ വെടിനിർത്തലിന്റെ ആദ്യദിവസം ഹമാസ് മോചിപ്പിച്ച ഡോറോൻ സ്‌റ്റൈൻ ബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നിവരാണ് ഇസ്രയേലിലെത്തിയത്.
ഹമാസ് റെഡ് ക്രോസിന് കൈമാറിയ യുവതികളെ ഇന്ത്യൻ സമയം ഞായറാഴ്‌ച രാത്രി 9.30 ഓടെയാണ് ഇസ്രയേൽ അതിർത്തിയിൽ എത്തിച്ചത്. തുടർന്ന് ടെൽ അവീവിലെത്തിച്ചു. ഗാസ സ്‌ക്വയറിലേത്തി റെഡ്ക്രോസ് ഉദ്യോഗസ്‌ഥരാണ് യുവതികളെ ഏറ്റുവാങ്ങിയത്. തുടർന്ന് നെറ്റ്‌സരിം ഇടനാഴിയിൽ വെച്ച് റെഡ്ക്രോസ് സംഘം ഇവരെ ഇസ്രയേൽ സൈന്യത്തെ ഏൽപ്പിക്കുകയായിരുന്നു.
ഇവരുടെ ആരോഗ്യനിലയിൽ പ്രശ്‌നങ്ങളില്ലെന്ന് റെഡ്ക്രോസ് അറിയിച്ചതായി ഇസ്രയേൽ വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ജറുസലേം റിപ്പോർട് ചെയ്‌തു. സൈന്യത്തിന്റെ ഹെലികോപ്‌ടറിൽ ടെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിലെത്തിച്ച മൂന്നുപേരെയും പരിശോധനകൾക്ക് വിധേയരാക്കി.
യുവതികളെ ഏറ്റുവാങ്ങുന്ന വേളയിൽ ഇവരുടെ അമ്മമാരും ഗാസ അതിർത്തിയിലെത്തിയിരുന്നു. 2023 ഒക്‌ടോബർ ഏഴിന് ഇസ്രയേൽ അതിർത്തി കടന്ന് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് 251 പേരെ ഹമാസ് ബന്ദികളാക്കി തട്ടിക്കൊണ്ടുപോയത്. അന്ന് നടന്ന വെടിവെപ്പിൽ ഡോറോനും എമിലിക്കും റോമിക്കും പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
മൂന്ന് പേരെ മോചിപ്പിച്ചതിന് പകരമായി ഇസ്രയേലിൽ തടവിലുള്ള 90 പലസ്‌തീൻകാരെയും ഇന്ന് മോചിപ്പിക്കും. അതിനിടെ, ബന്ദിമോചനത്തിന് തൊട്ടുമുൻപ് ഗാസയിലെ ഖാൻ യൂനിസിൽ രണ്ട് സ്‌ഫോടനങ്ങളുണ്ടായതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
15 മാസത്തോളം നീണ്ട ഇസ്രയേൽ- ഹമാസ് പോരാട്ടത്തിന് അവസാനം കുറിക്കുന്നത് ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ ഏറെ അനിശ്‌ചിതത്വങ്ങൾക്കൊടുവിലാണ് പ്രാബല്യത്തിലായത്. ഈജിപ്‌ത്, ഖത്തർ, യുഎസ് എന്നിവരുടെ മധ്യസ്‌ഥതയിൽ തയ്യാറാക്കിയ കരാർ മൂന്നുഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്







































