ജറുസലേം: ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സേന. വ്യാഴാഴ്‌ച തെക്കൻ ഗാസയിൽ നടന്ന വ്യോമാക്രമണത്തിലാണ് ഒസാമ തബാഷ് കൊല്ലപ്പെട്ടതെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവൻ കൂടിയാണ് ഒസാമ തബാഷ്.
”ഖാൻ യൂനിസ് ബ്രിഗേഡിലെ ഒരു ബറ്റാലിയൻ കമാൻഡർ ഉൾപ്പടെ ഹമാസിലെ ഒട്ടേറെ ഉയർന്ന സ്‌ഥാനങ്ങൾ തബാഷ് വഹിച്ചിരുന്നു. തെക്കൻ ഗാസയിലെ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും പ്രദേശത്തെ നീക്കങ്ങൾക്ക് തബാഷ് നേതൃത്വം നൽകുകയും ചെയ്‌തിരുന്നു”- ഐഡിഎഫിന്റെ (ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ്) എക്‌സ് പോസ്‌റ്റിൽ പറയുന്നു.
ഒക്‌ടോബർ ആക്രമണത്തിന് നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും തബാഷ് നിർണായക പങ്ക് വഹിച്ചതായും ഐഡിഎഫ് വക്‌താവ് അവകാശപ്പെടുന്നു. അതേസമയം, ഇസ്രയേൽ സേനയുടെ പ്രസ്‌താവനയോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒസാമ തബാഷിന്റെ കൊലപാതകം ഹമാസിന് കനത്ത തിരിച്ചടിയാണ്.
അതേസമയം, ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക ആക്രമണം നാലാം ദിവസത്തിലേക്ക് കടന്നു. ഗാസയിലെ കൂടുതൽ സ്‌ഥലങ്ങൾ പിടിച്ചെടുക്കാൻ ഇസ്രയേൽ പ്രതിരോധമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിലെ കൂടുതൽ സ്‌ഥലങ്ങൾ പിടിച്ചെടുക്കുമെന്നാണ് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകിയത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ