ജറുസലേം: ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ ഇസ്രയേൽ സമ്പൂർണ മന്ത്രിസഭാ യോഗം അംഗീകരിച്ചു. കരാർ ശനിയാഴ്‌ച പുലർച്ചെ ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതായും ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഞായറാഴ്‌ച പ്രാബല്യത്തിൽ വരുമെന്നും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്‌താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞ 15 മാസമായി ലോകം പ്രതീക്ഷയോടെ കാത്തിരുന്ന തീരുമാനമായിരുന്നു ഇത്. ഇസ്രയേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട 19 വയസിന് താഴെയുള്ള എല്ലാ പലസ്‌തീൻ സ്‌ത്രീകളെയും കുട്ടികളെയും കരാറിന്റെ ആദ്യഘട്ടമായി ഇസ്രയേൽ മോചിപ്പിക്കും. ഞായറാഴ്‌ച (നാളെ) മോചിപ്പിക്കേണ്ട 95 പലസ്‌തീൻ തടവുകാരുടെ പട്ടിക ഇസ്രയേൽ നീതിന്യായ മന്ത്രാലയം വെള്ളിയാഴ്‌ച പുറത്തിറക്കിയിരുന്നു.
ബന്ദികളുടെ മോചനത്തിനുള്ള കരാർ ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചതിന് ശേഷമാണ് സമ്പൂർണ മന്ത്രിസഭാ യോഗം ചേർന്നത്. 11 അംഗ സുരക്ഷാ മന്ത്രിസഭ വോട്ടെടുപ്പിലൂടെയാണ് കരാറിന് അംഗീകാരം നൽകിയത്. 15 മാസം നീണ്ട യുദ്ധത്തിന് വിരാമമിടാനുള്ള വ്യവസ്‌ഥകളാണ് അംഗീകരിച്ചത്.
യുഎസിന്റെ നേതൃത്വത്തിൽ ഖത്തറിന്റെയും ഈജിപ്‌തിന്റെയും മധ്യസ്‌ഥതയിൽ ദോഹയിൽ ഒരാഴ്‌ചയിലേറെ നീണ്ട ചർച്ചകളാണ് ഇതോടെ വിജയം കണ്ടത്. ഡൊണാൾഡ് ട്രംപ് പ്രസിഡണ്ടായി സ്‌ഥാനമേൽക്കുന്ന 20ന് മുൻപ് വെടിനിർത്തൽ പ്രഖ്യാപനം നടത്താൻ യുഎസ് സമ്മർദ്ദം ചെലുത്തിയിരുന്നു. തന്റെയും ട്രംപിന്റെയും സംഘങ്ങളുടെ ഒരുമിച്ചുള്ള ശ്രമങ്ങളാണ് വെടിനിർത്തലിലേക്ക് നയിച്ചതെന്ന് സ്‌ഥാനമൊഴിയുന്ന പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞു.
ഗാസ ജനതയുടെ ധീരതയുടെ വിജയമാണിതെന്നും ഹമാസ് പ്രതികരിച്ചു. വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ഗാസയിലെങ്ങും ജനം ആഹ്ളാദ പ്രകടനം നടത്തി. 42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തിൽ, ഹമാസിന്റെ ബന്ദികളായ 100 പേരിൽ 33 പേരെ മോചിപ്പിക്കും. ഗാസയിലെ ജനവാസമേഖലകളിൽ നിന്ന് ഇസ്രയേൽ സൈന്യം പിൻമാറുകയും ചെയ്യും. ആദ്യഘട്ടം തീരും മുൻപ് തന്നെ രണ്ടാംഘട്ടത്തിനുള്ള ചർച്ച ആരംഭിക്കും.
യുദ്ധത്തിൽ ഗാസയുടെ ഭൂരിഭാഗം പ്രദേശവും തകർന്നടിയുകയും 23 ലക്ഷം പലസ്‌തീൻകാരിൽ 90 ശതമാനവും അഭയാർഥികളായി മാറുകയും ചെയ്‌തു. യുദ്ധത്തിന് കാരണമായ 2023 ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ തെക്കൻ ഇസ്രയേലിൽ 1200 പേരാണ് കൊല്ലപ്പെട്ടത്. 250 പേരെ ഹമാസ് ബന്ദികളാക്കി. നവംബറിൽ ഹ്രസ്വകാല വെടിനിർത്തലിൽ ഇതിൽ പകുതിയോളം പേരെ വിട്ടയച്ചിരുന്നു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം