ടെൽ അവീവ്: ഹമാസ് കഴിഞ്ഞദിവസം കൈമാറിയ മൃതദേഹങ്ങളിൽ ഒരെണ്ണം ബന്ദികളുടേതല്ലെന്ന് ഇസ്രയേൽ സൈന്യം. 2023 ഒക്‌ടോബർ ഏഴിന് ഇസ്രയേലിലേക്ക് കടന്ന് ഹമാസ് ബന്ദികളാക്കിയ ബീബസ് കുടുംബത്തിലെ 33-കാരി ഷിറി ബീബസിന്റേതെന്ന് അവകാശപ്പെട്ട് ഹമാസ് തിരിച്ചയച്ച മൃതദേഹം ഷിറിയുടേതല്ലെന്ന് പരിശോധനയിൽ വ്യക്‌തമായതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
മറ്റു ബന്ദികളുടെ സാമ്പിളുമായും മൃതദേഹം യോജിക്കുന്നില്ല. അജ്‌ഞാത മൃതദേഹമാണ് ഹമാസ് കൈമറിയതെന്നും ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) എക്‌സിൽ പറഞ്ഞു. ഹമാസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര കരാർ ലംഘനമാണിതെന്നും മറ്റു ബന്ദികൾക്കൊപ്പം ഷിറിയുടെ മൃതദേഹവും ഉടൻ കൈമാറണമെന്നും ഐഡിഎഫ് ആവശ്യപ്പെട്ടു.
എന്നാൽ, ഇക്കാര്യത്തിൽ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞദിവസം കൈമാറിയ നാല് മൃതദേഹങ്ങളിൽ രണ്ടെണ്ണം ഷിറിയുടെ മക്കളായ ഏരിയലിന്റെയും കഫീറിന്റേതുമാണെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഏരിയലിന് നാലും കഫീറിന് പത്തുമാസവും പ്രായമുള്ളപ്പോഴാണ് അവർ കൊല്ലപ്പെട്ടിട്ടുള്ളതെന്ന് ഐഡിഎഫ് അവകാശപ്പെട്ടു. ക്രൂരമായാണ് കുട്ടികളെ കൊലപ്പെടുത്തിയിട്ടുള്ളതെന്നും അവർ ആരോപിച്ചു.
ഷിറിയും മക്കളും ഇസ്രയേൽ മിസൈലാക്രമണത്തിൽ 2023 നവംബറിൽ കൊല്ലപ്പെട്ടെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. എന്നാൽ, ഇതിനുള്ള തെളിവുകളൊന്നും നൽകിയിരുന്നില്ല. ഹമാസ് തടവിലായവരുടെ ദുരിതങ്ങളുടെ പ്രതീകമായിരുന്നു ബീബസ് കുടുംബം. ഷിറിയുടെ ഭർത്താവ് യാർദെൻ ബീബസിനെ 484 ദിവസത്തിന് ശേഷം വിട്ടയച്ചിരുന്നു. 83-കാരനായ ഒഡെഡ് ലിഫ്‌ഷിറ്റ്സിന്റേതായിരുന്നു ഹമാസ് കൈമാറിയ നാലാമത്തെ മൃതദേഹം. ഇത് ഇസ്രയേൽ സൈന്യം പരിശോധിച്ച് ഉറപ്പിച്ചു.

ഗാസ ഏറ്റെടുക്കൽ; ട്രംപിന്റെ പദ്ധതിയെ പ്രതിരോധിക്കാൻ അറബ് രാജ്യങ്ങൾ
ഗാസയുടെ നിയന്ത്രണം യുഎസിന് നൽകാനും അവിടുത്തെ ജനങ്ങളെ പുറത്താക്കാനുമുള്ള പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയെ പ്രതിരോധിക്കാൻ അറബ് നേതാക്കൾ. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാനായി അറബ് നേതാക്കൾ ഇന്ന് സൗദി അറേബ്യയിൽ യോഗം ചേരും.
ട്രംപിന്റെ ഗാസ പദ്ധതിക്കെതിരായ പ്രതിഷേധം അറബ് രാഷ്‌ട്രങ്ങളെ ഒന്നിപ്പിച്ചെങ്കിലും യുദ്ധത്തിൽ തകർന്ന പലസ്‌തീൻ പ്രദേശം ആര് ഭരിക്കണം, പുനർനിർമാണത്തിന് എങ്ങനെ ധനസഹായം നൽകണം എന്നതിനെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. പലസ്‌തീൻ പ്രശ്‌നപരിഹാരത്തിന് ഏറ്റവും നിർണായകമായ ഉച്ചകോടിയാണ് ഇന്ന് നടക്കുന്നതെന്ന് സൗദി വിദേശനയ വിദഗ്‌ധനായ ഉമർ കരീം പറഞ്ഞു.
ഗൾഫ് സഹകരണ കൗൺസിലിലെ ആറ് രാജ്യങ്ങൾക്കൊപ്പം ഈജിപ്‌തും ജോർദാനും റിയാദ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. റിയാദിൽ ഇന്ന് നടക്കുന്ന അനൗദ്യോഗിക യോഗത്തിലെ തീരുമാനങ്ങൾ മാർച്ച് നാലിന് ഈജിപ്‌തിൽ നടക്കുന്ന അടിയന്തിര അറബ് ലീഗ് ഉച്ചകോടിയുടെ അജണ്ടയിൽ ഉൾപ്പെടുത്തും.
ഗാസ ഏറ്റെടുക്കാനും അവിടുത്തെ 24 ലക്ഷം ജനങ്ങളെ അയൽരാജ്യങ്ങളായ ഈജിപ്‌തിലേക്കും ജോർദാനിലേക്കും മാറ്റിപ്പാർപ്പിക്കാനുമാണ് ട്രംപ് നിർദ്ദേശിച്ചത്. ഇതിനെതിരെ ആഗോളതലത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി