ന്യൂഡെൽഹി: ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ തുടരുന്നു. ഇന്നലെ രാവിലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് കനത്ത തിരിച്ചടിയുമായി ഇസ്രയേലും രംഗത്തിറങ്ങിയതോടെ, ഗാസ യുദ്ധമുനമ്പിലായി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇതുവരെ 23ലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. അതേസമയം, ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 250 കടന്നതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
ഇതോടെ, ഇരുഭാഗത്തുമായി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ഞൂറോളമായി. 2500ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകാൻ ഇസ്രയേൽ സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ അവസ്ഥയാണ്. ഒട്ടേറെ ഇസ്രയേൽ പൗരൻമാരെയും സൈനികരെയും പലസ്തീൻ സായുധ പ്രസ്ഥാനമായ ഹമാസ് ബന്ദികളാക്കി. ഇസ്രയേൽ യുദ്ധത്തിലാണെന്ന പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ്, ഗാസയിൽ അവർ പ്രത്യാക്രമണം കടുപ്പിച്ചത്.
സ്ഥിതി ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ഇന്ന് ചേരും. യുഎസ്, യുകെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഹമാസ് ആക്രമണത്തെ അപലപിച്ചിരുന്നു. അതിനിടെ, ഇറാൻ ഹമാസിന് പിന്തുണയുമായി രംഗത്തെത്തി. ഗാസയിലേക്കുള്ള വൈദ്യുതി ബന്ധം ഇസ്രയേൽ വിച്ഛേദിച്ചു. ഗാസയിലേക്കുള്ള ഇന്ധനമടക്കമുള്ള ചരക്ക് നീക്കം പൂർണമായും തടയുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇസ്രയേൽ അടുത്തഘട്ട വ്യോമാക്രമണത്തിന് തുടക്കമിട്ടതായാണ് വിവരം.
ഗാസയിലെ ഏഴ് മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകാനാണ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇസ്രയേലിലെയും പലസ്തീനിലേയും ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയവും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇസ്രയേലിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കൽ സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
2021ൽ 11 ദിവസം നീണ്ട ഇസ്രയേൽ- ഹമാസ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ സംഘർഷാവസ്ഥയാണിത്. ഓപ്പറേഷൻ അൽ അഖ്സ ഫ്ളഡ് എന്നാണ് ആക്രമണത്തെ ഹമാസ് വിശേഷിപ്പിച്ചത്. അതീവസുരക്ഷയുള്ള ഗാസ- ഇസ്രയേൽ അതിർത്തിവേലി ലംഘിച്ചു സായുധരായ ഹമാസ് സംഘം തെക്കൻ ഇസ്രയേൽ പട്ടണങ്ങളിലേക്ക് നുഴഞ്ഞുകയറിയതോടെയാണ് രാവിലെ 6.30ന് (ഇന്ത്യൻ സമയം രാവിലെ ഒമ്പത്) ഗാസയിൽ നിന്നും കനത്ത റോക്കറ്റ് ആക്രമണം ആരംഭിച്ചത്.
Most Read| ഏഷ്യന് ഗെയിംസ്; ഇന്ത്യക്ക് പൊൻതിളക്കം- മെഡൽനേട്ടം സെഞ്ചുറി കടന്നു