കോഴിക്കോട്: ജില്ലയിലെ മുക്കം, കട്ടാങ്കലിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടി) ഗവേഷക സംഘം കണ്ണൂർ മാതമംഗലം സ്വദേശിനി പി ശരണ്യയുടെ സിവിൽ എൻജിനീയറിങ് പിഎച്ച്ഡിയുടെ ഭാഗമായി വ്യവസായ മാലിന്യം ഉപയോഗിച്ച് വികസിപ്പിച്ച (Kozhikode NIT’s Cementless Concrete Patent) ജിയോപോളിമർ കോൺക്രീറ്റ് കട്ടകളുടെ നിർമാണ രീതിക്ക് പേറ്റന്റ്.
കെട്ടിട നിർമാണച്ചെലവ് 12 ശതമാനത്തോളം കുറയ്‌ക്കുന്നതാണ് ഈ രീതിയെന്ന് ഗവേഷക സംഘം അവകാശപ്പെടുന്നു. എൻഐടി സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ ഡോ. പ്രവീൺ നാഗരാജൻ, എപി ശശികല എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശരണ്യയുടെ ഗവേഷണം.
സ്‌റ്റീൽ പ്ളാന്റുകളിൽ നിന്നുള്ള ഗ്രൗണ്ട് ഗ്രാനുലേറ്റഡ് ബ്ളാസ്‌റ്റ് ഫർണസ് സ്‌ലാഗ് (ജിജിബിഎസ്), ക്രഷറുകളിൽ നിന്നുമുള്ള ഡോളമൈറ്റ് എന്നിവയാണ് പ്രധാന ഘടകങ്ങൾ. ഇതിൽ സിമന്റ് ചേർക്കേണ്ടതില്ല എന്നതും നനയ്‌ക്കേണ്ടതില്ല എന്നതും പ്രത്യേകതയാണ്. സിമന്റിനേക്കാൾ വേഗത്തിൽ സെറ്റാകും, കൂടുതൽ ഉറപ്പ് തുടങ്ങിയവയും മേൻമകളാണെന്ന് ഗവേഷകർ പറയുന്നു.
ആസിഡ്, സൾഫേറ്റ്, കടൽവെള്ളം എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും കടലിലെ നിർമാണത്തിനു പോലും ഉപയോഗിക്കാൻ കഴിയുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. വിവിധ സാഹചര്യങ്ങളിൽ ആറു മാസത്തിലേറെ പരിശോധിച്ച ശേഷമാണ് പേറ്റന്റിന് അപേക്ഷിച്ചത്.
വ്യാവസായിക അടിസ്‌ഥാനത്തിൽ നിർമിക്കുന്നതിനുള്ള സാധ്യതകൾ തേടുകയാണെന്ന്, ഇപ്പോൾ ചെന്നൈ ഐഐടിയിൽ പ്രോജക്‌ട് സയന്റിസ്‌റ്റായ ശരണ്യ പറഞ്ഞു. അതേസമയം, ഭുവനേശ്വർ ആസ്‌ഥാനമായ കലിംഗ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (കെഐഐടി) ഗവേഷകർ വ്യാവസായിക അവശിഷ്‌ടങ്ങൾ മാത്രം ഉപയോഗിച്ച് സിമന്റ് ഇല്ലാതെ നൂതനമായ ‘ഗ്രീൻ കോൺക്രീറ്റ്’ റോഡ് 2021ൽ നിർമിച്ചിരുന്നതായി വാർത്ത ഉണ്ടായിരുന്നു.
2021ൽ തന്നെ, ടോക്കിയോ സർവകലാശാലയുടെ ഭാഗമായ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ സയൻസിലെ ഗവേഷകർ സിമന്റില്ലാതെ കോൺക്രീറ്റ് നിർമിക്കുന്നതിനുള്ള പുതിയ രീതി വികസിപ്പിച്ചെടുത്തതായും അവകാശവാദങ്ങൾ ഉണ്ടായിരുന്നു. പരമ്പരാഗത കോൺക്രീറ്റിനേക്കാൾ മികച്ച ഈട് ഉണ്ടായിരിക്കാൻ സാധ്യതയുള്ളതാണ് തങ്ങൾ കണ്ടെത്തിയ പുതിയ രീതിയെന്നും ഇവർ അവകാശപ്പെട്ടിരുന്നു.
HEALTH NEWS | 50 വയസിനു താഴെയുള്ളവരിൽ കാൻസർ വർധനവ് 79 ശതമാനം!