ന്യൂയോർക്ക്: ശതകോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ചൊവ്വാ ഗ്രഹത്തിന്റെ ഭൂപ്രകൃതി രൂപപ്പെടുത്താൻ ജലം എങ്ങനെ സഹായിച്ചുവെന്ന് കാണിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തിലേക്കാണ് ഈ പഠനങ്ങൾ വെളിച്ചം വീശുന്നത്.
ഇവിടെ ഏതെങ്കിലും തരത്തിലുള്ള പുരാതന ജീവിതത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ അതിന്റെ തെളിവുകൾ തിരയാൻ സഹായിക്കുന്ന സൂചനകളാണ് ഈ ചിത്രത്തിലൂടെ ലഭിച്ചതെന്ന് നാസ അറിയിച്ചു.
ഫെബ്രുവരി മാസം മുതൽ ചൊവ്വയിൽ പര്യവേക്ഷണം ആരംഭിച്ച നാസയുടെ പെർസിവറൻസ് റോവർ ‘ജെസെറോ’ എന്ന പേരുള്ള ഭീമൻ ഗർത്തത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് ഇവ. ബഹിരാകാശത്ത് നിന്ന് ദൃശ്യമാകുന്ന ഫാൻ ആകൃതിയിലുള്ള ഡെൽറ്റയുടെ (നദികളുടെ ഒഴുക്കിന്റെ ഫലമായുണ്ടാവുന്ന മൺകൂന) സാന്നിധ്യം ഇവിടെ കാണാൻ കഴിയുന്നുണ്ട്. കൂടുതൽ കൃത്യതയോടെ ഈ ചിത്രങ്ങൾ വിലയിരുത്തുകയാണ് ശാസ്‌ത്രജ്‌ഞർ ഇപ്പോൾ.
ഇവിടെയുള്ള പാറക്കെട്ടുകൾക്കുള്ളിലെ പാളികൾ അവയുടെ രൂപീകരണം എങ്ങനെ സംഭവിച്ചുവെന്ന് വെളിപ്പെടുത്തും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഫ്ളോറിഡയിലെ നാസയുടെ ജ്യോതി ശാസ്‌ത്രജ്‌ഞ ആമി വില്യംസും സംഘവും ചൊവ്വയിലെ ഗർത്തത്തിന്റെ തറയിൽ കാണുന്ന പാറകളുടെ സവിശേഷതകളും, ഭൂമിയിലുള്ള നദീതീരങ്ങളിലെ പാറ്റേണുകളും തമ്മിലുള്ള സമാനതകൾ പരിശോധിക്കുകയാണ്.
താഴെയുള്ള മൂന്ന് പാളികളുടെ ആകൃതി ഇവിടെ ഉണ്ടായിരുന്ന ജലത്തിന്റെ സാന്നിധ്യവും സ്‌ഥിരമായ ഒഴുക്കും കാണിക്കുന്നുവെന്ന് ഇവരുടെ പഠന റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 3.7 ബില്യൺ വർഷങ്ങൾക്ക് മുൻപ് ചൊവ്വാ ഗ്രഹം ഭൂമിയെപ്പോലെ ജലചക്രം താങ്ങാൻ തക്കവണ്ണം ഈർപ്പമുള്ളതായിരുന്നു എന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
‘ഇതുവരെ ലഭിച്ച ചിത്രങ്ങളിൽ നിന്ന്, അത് ജല പ്രവാഹത്തിന്റെ ഫലമായി ഉണ്ടായ ഡെൽറ്റയാണെന്ന് ഞങ്ങൾക്ക് മനസിലായി, എന്നാൽ ഈ ചിത്രങ്ങൾ കേവലം ഒരു സൂചന മാത്രമാണ്. ഏറെ ഗവേഷണങ്ങൾ ഇനിയും നടത്തേണ്ടതുണ്ട്’, പഠനത്തിന് നേതൃത്വം നൽകുന്ന ഡോ. വില്യംസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ചൊവ്വയിലെ ജീവന്റെ സാന്നിധ്യവും, സാധ്യതകളും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് നാസ കോടികണക്കിന് ഡോളർ ചിലവഴിച്ച് പെർസിവറൻസ് റോവർ എന്ന ചരിത്ര ദൗത്യത്തെ ചുവന്ന ഗ്രഹത്തിലേക്ക് അയച്ചത്.
വരും വർഷങ്ങളിൽ പേടകത്തിലെ സീൽ ചെയ്‌ത ട്യൂബുകളിൽ പാറകളുടെയും മണ്ണിന്റെയും 30ഓളം സാമ്പിളുകൾ ശേഖരിക്കും, പിന്നീട് പലപ്പോഴായി ഭൂമിയിലേക്ക് തിരിച്ചയക്കാനുമാണ് പദ്ധതിയിലൂടെ നാസ ലക്ഷ്യമിടുന്നത്. നേരത്തെ ശേഖരിച്ച രണ്ട് പാറകളുടെ സാമ്പിളുകളിൽ അവ ദീർഘകാലം ഭൂഗർഭജലവുമായി സമ്പർക്കം പുലർത്തിയതിന്റെ സൂചനകൾ കാണിച്ചിരുന്നു.
ചൊവ്വ ഒരിക്കൽ ജീവൻ വഹിച്ചിരുന്നുവെന്ന് തെളിഞ്ഞാൽ അത് മനുഷ്യരാശിയുടെ ഏറ്റവും അഗാധവും, വലുതുമായ കണ്ടെത്തലുകളിൽ ഒന്നായിരിക്കുമെന്ന് വില്യംസ് പറഞ്ഞു. ഭൂമിക്ക് പുറത്ത് മനുഷ്യവാസം തേടിയുള്ള ശാസ്‌ത്രലോകത്തിന്റെ ശ്രമങ്ങൾക്ക് ഉത്തേജനം പകരുന്നതാണ് നാസയുടെ പുതിയ കണ്ടുപിടിത്തം. ഭാവിയിൽ ഭൂമിക്ക് പുറത്ത് മറ്റൊരു ജീവന്റെ ആലയം ഒരുക്കുക എന്ന മനുഷ്യരുടെ ആഗ്രഹത്തിന് ഇത് കരുത്തുപകരും.