ന്യൂയോർക്ക്: ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക് പറക്കും. ബഹിരാകാശ ടൂറിസം മേഖലയിൽ ഒരു നാഴികക്കല്ലായിരിക്കും യാത്ര എന്നാണ് കരുതപ്പെടുന്നത്. ബെസോസിന്റെ സ്‌പേസ് കമ്പനിയായ ബ്ളൂ ഒറിജിന്റെ പേടകത്തിലാണ് യാത്ര. ഇന്ന് വൈകീട്ട് 6.30ന് ടെക്‌സാസിലെ ബ്ളൂ ഒറിജിന്റെ പരിശീലന കേന്ദ്രത്തിൽ നിന്നായിരിക്കും വിക്ഷേപണം നടക്കുക.
ജെഫ് ബെസോസിന്റെ സഹോദരൻ മാർക്ക് ബെസോസ്, 82കാരി വാലി ഫങ്ക് , 18 വയസുള്ള ഒലിവർ ഡീമൻ എന്നിവരടങ്ങുന്ന സംഘവും ഒപ്പമുണ്ട്. യുഎസിലെ ആദ്യ വൈമാനികയും, മുൻപ് നാസയുടെ പരിശീലനത്തിൽ പങ്കെടുക്കുകയും ബഹിരാകാശത്തേക്ക് പോകാൻ തയ്യാറെടുക്കുകയും ചെയ്‌ത വ്യക്‌തിയാണ് ഫങ്ക്.
യാത്ര വിജയകരമായി പര്യവസാനിച്ചാൽ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാകും ഫങ്ക്. ഒലിവർ ഡീമൻ ഏറ്റവും പ്രായം കുറഞ്ഞയാളും. വെറും 11 മിനിറ്റ് മാത്രം നീളുന്ന യാത്രയാവും ബെസോസും സംഘവും നടത്തുക. ബഹിരാകാശ ടൂറിസത്തിന്റെ അനന്ത സാധ്യതകളാണ് യാത്ര വിജയകരമായാൽ ലോകത്തിന് മുൻപിൽ അവതരിക്കപ്പെടുക.
മണിക്കൂറുകളും,ദിവസങ്ങളും സ്‌പേസ് സ്‌റ്റേഷനിൽ ചിലവഴിക്കുന്ന സാധാരണ യാത്രയിൽ നിന്ന് വ്യത്യസ്‌തമാണ് ബെസോസും സംഘവും നടത്തുക. ഇവർ സഞ്ചരിക്കുന്ന പേടകമായ ന്യൂ ഷെപേഡ് എന്ന പേടകത്തിന് ശബ്‌ദത്തേക്കാൾ മൂന്നിരട്ടി വേഗതയാണ് ഉള്ളത് (മണിക്കൂറിൽ ഏകദേശം 2,300 മൈൽ). റോക്കറ്റ് അതിന്റെ ഇന്ധനത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് വരെ നേരിട്ട് മുകളിലേക്ക് പറക്കുന്നു.
ക്രൂ ക്യാപ്‌സ്യൂൾ പിന്നീട് റോക്കറ്റിൽ നിന്ന് വേർതിരിയുകയും, അതിന്റെ സഞ്ചാര പാതയുടെ മുകളിൽ അൽപനേരം യാത്ര തുടരുകയും ചെയ്യും, ഇത് യാത്രക്കാർക്ക് കുറച്ച് മിനിറ്റ് ഭാരമില്ലായ്‌മ അനുഭവപ്പെടാൻ കാരണമാവും. അതിന് ശേഷം ഇവരുടെ പേടകം ഭൂമിയിലേക്ക് തന്നെ മടങ്ങി വരികയും ചെയ്യും. വെറും 11 മിനിറ്റോളം മാത്രമാണ് ആകെ യാത്ര നീണ്ടു നിൽക്കുക.

ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസൺ ബഹിരാകാശ യാത്ര നടത്തിയതിന് ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ബെസോസും കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. അമേരിക്കയിലെ ആദ്യ ബഹിരാകാശ യാത്രികൻ അലൻ ഷെപേഡിന്റെ പേരാണ് ബെസോസ് തന്റെ ബഹിരാകാശ പേടകത്തിന് നൽകിയിരിക്കുന്നത്. ആറ് പതിറ്റാണ്ട് മുൻപ് മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ അതേദിവസമാണ് ബെസോസ് കന്നി യാത്രക്ക് ഒരുങ്ങുന്നതും.
Read Also: പെഗാസസ് ഫോൺ ചോർത്തൽ; ഇത്തരം ചാരപ്പണികൾ വൃത്തികെട്ടതെന്ന് നിതീഷ് കുമാര്‍