വാഷിങ്ടൻ: ഇസ്രയേൽ- ഹമാസ് യുദ്ധം അവസാനിച്ചെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന ഉച്ചകോടിക്കായി ഈജിപ്‌തിലേക്ക് തിരിക്കും മുമ്പായിരുന്നു ട്രംപിന്റെ പ്രതികരണം. ഇസ്രയേലിൽ വിമാനമിറങ്ങുന്ന ട്രംപ്, അവിടെ രാജ്യത്തിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്യും. തുടർന്നായിരിക്കും ഈജിപ്‌തിലേക്ക് പോവുക.
യുദ്ധം അവസാനിച്ചു. ഈ യാത്ര പ്രത്യേകതയുള്ളതാണ്. ഈ നിമിഷത്തെക്കുറിച്ച് എല്ലാവരും വളരെ ആവേശത്തിലാണ്. ഇത് വളരെ സവിശേഷമായ സംഭവമാണ്- ട്രംപ് പറഞ്ഞു. ഗാസയിലെ വെടിനിർത്തൽ നിലനിൽക്കുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, നിലനിൽക്കുമെന്നും അവർ ക്ഷീണിതരാണെന്ന് താൻ കരുതുന്നു എന്നുമായിരുന്നു ട്രംപിന്റെ മറുപടി.
അതേസമയം, ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബന്ദികളെ മോചിപ്പിക്കാൻ ഇസ്രയേലും ഹമാസും സമ്മതിച്ചു. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിൽ തട്ടിക്കൊണ്ടുപോയ എല്ലാ ഇസ്രയേലി ബന്ദികളെയും ഹമാസ് മോചിപ്പിക്കും. പകരമായി ഇസ്രയേൽ 2000 പലസ്‌തീൻ തടവുകാരെയും മോചിപ്പിക്കും. ബന്ദി കൈമാറ്റം ഇന്ന് തന്നെയുണ്ടാകുമെന്നാണ് വിവരം.
സമാധാന ഉച്ചകോടിയിൽ ട്രംപിന്റെ സമാധാന പദ്ധതിയെ പിന്തുണയ്‌ക്കാൻ ഒട്ടേറെ ലോകനേതാക്കളാണ് എത്തുന്നത്. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയർ സ്‌റ്റാമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണി ഉൾപ്പടെ ഇരുപതോളം രാഷ്‌ട്ര തലവൻമാർ ഉച്ചകോടിയിൽ പങ്കെടുക്കും.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്








































