ടെഹ്റാൻ: സംഘർഷം തുടർന്ന് ഇസ്രയേലും ഇറാനും. പ്രധാന നഗരങ്ങളിലെല്ലാം ഇരുകൂട്ടരും ആക്രമണം നടത്തുകയാണ്. ഇസ്രയേൽ നഗരമായ ഹൈഫയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്. ആക്രമണത്തിന് പിന്നാലെ നഗരത്തിൽ വലിയ തീപിടിത്തം ഉണ്ടായതായും വിവരമുണ്ട്. മിസൈൽ ആക്രമണത്തിൽ ഹൈഫയിൽ ഇതുവരെ നാലുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഇസ്രയേലിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം തുടരുകയാണ്. ജറുസലേമിൽ സൈറണുകൾ തുടർച്ചയായി മുഴങ്ങുന്നുണ്ട്. ടെൽ അവീവിലേക്കും മിസൈൽ വർഷം തുടരുന്നുണ്ട്. വ്യോമാക്രമണം രൂക്ഷമായതോടെ തെക്ക്-പടിഞ്ഞാറൻ ഇസ്രയേലിൽ വ്യോമപ്രതിരോധ സംവിധാനം കൂടുതൽ ശക്‌തമാക്കിയതായി ഇസ്രയേൽ സൈന്യം വ്യക്‌തമാക്കി.
അതിനിടെ, ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു. ഇന്റലിജൻസ് മേധാവി മുഹമ്മദ് കസേമിയും മറ്റുരണ്ട് ജനറൽമാരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായും ഇറാൻ റവല്യൂഷണറി ഗാർഗ് സ്‌ഥിരീകരിച്ചു. ഉന്നത സൈനിക ഉദ്യോഗസ്‌ഥരും ആണവ ശാസ്‌ത്രജ്‌ഞരും ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
65 മണിക്കൂർ നീണ്ട ഇസ്രയേൽ ആക്രമണത്തിൽ 244 പേർ ഇറാനിൽ കൊല്ലപ്പെട്ടതായും റവല്യൂഷണറി ഗാർഡ് സ്‌ഥിരീകരിച്ചു. 1200ലധികം പേർക്ക് പരിക്കേറ്റിരുന്നു. കൊല്ലപ്പെട്ടവരിൽ 90 ശതമാനവും സാധാരണക്കാർ ആയിരുന്നുവെന്നും ഇറാനിയൻ മന്ത്രാലയം വ്യക്‌തമാക്കി.
”ഇസ്രയേൽ ആക്രമണങ്ങൾക്ക് ‘വിനാശകരമായ മറുപടി ഉണ്ടാകും’. ഇറാന്റെ ധീരമായ പോരാളികളുടെ വിനാശകരമായ പ്രതികരണത്തിന്റെ വ്യാപ്‌തി തീർച്ചയായും ഇസ്രയേൽ തിരിച്ചറിയും. അധിനിവേശ പ്രദേശങ്ങൾ വിട്ടുപോവുക, കാരണം ഭാവിയിൽ അത് വാസയോഗ്യമായിരിക്കില്ല. ഇസ്രയേലി ഷെൽട്ടറുകൾ ഞങ്ങൾ തകർക്കും”- ഇറാൻ സായുധസേനയുടെ വക്‌താവ് കേണൽ റെസ സയ്യദ് മുന്നറിയിപ്പ് നൽകി.
അതേസമയം, ഇറാന്റെ ആണവമേഖല തകർക്കുമെന്നും സൈനിക നടപടി തുടരുമെന്നും വ്യക്‌തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തി. ആണവ ഭീഷണിയും ബാലിസ്‌റ്റിക് മിസൈൽ ഭീഷണിയും ഇല്ലാതാക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് നെതന്യാഹു വ്യക്‌തമാക്കി. ഇറാനിലേത് ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടമാണെന്നും, ഏറ്റവും അപകടകരമായ ആയുധങ്ങൾ അവരുടെ കൈയ്യിൽ തുടരാൻ അനുവദിക്കരുതെന്നും നേത്യന്യാഹു കൂട്ടിച്ചേർത്തു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ