ബെയ്‌റൂട്ട്: ലബനൻ തലസ്‌ഥാനമായ ബെയ്‌റൂട്ടിനെ ലക്ഷ്യമാക്കി ആക്രമണങ്ങൾ തുടർന്ന് ഇസ്രയേൽ. ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. പ്രാദേശിക സമയം പുലർച്ചെ നാലുമണിയോടെ ബെയ്‌റൂട്ടിൽ ശക്‌തമായ സ്‌ഫോടനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്.
നാല് റോക്കറ്റുകൾ വിക്ഷേപിച്ചുവെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു. ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് നാലുപേരാണ് കൊല്ലപ്പെട്ടത്. 33ലധികം പേർക്ക് പരിക്കേറ്റു. ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ബെയ്‌റൂട്ടിലെ ബസ്‌തയിലാണ് സ്‌ഫോടനങ്ങൾ ഉണ്ടായത്. ഒരു കെട്ടിടം പൂർണമായി തകർന്നുവെന്നും മറ്റുള്ളവ ഭാഗികമായി തകർന്നുവെന്നും പുറത്തുവന്ന റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം, പാർപ്പിട സമുച്ചയമായ എട്ടുനില കെട്ടിടത്തിന് നേർക്ക് അഞ്ച് മിസൈലുകൾ ആക്രമണം നടത്തിയെന്നാണ് ലബനന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തത്. കഴിഞ്ഞ ഞായറാഴ്‌ച ഇസ്രയേൽ റാസ് അൽ- നാബ്ബ ജില്ലയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ മുതിർന്ന മാദ്ധ്യമ വിഭാഗം ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടിരുന്നു.
മുഹമ്മദ് അഫീഫാണ് കൊല്ലപ്പെട്ടത്. സിറിയൻ ബാത്ത് പാർട്ടിയുടെ ലബനനിലെ റാസ് അൽ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് അഫീഫിന്റെ മരണം. ഹിസ്ബുല്ലയുടെ വാർത്താ സമ്മേളനങ്ങൾക്കും പ്രസംഗങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്നത് അഫീഫായിരുന്നു. സെപ്‌തംബർ അവസാനം ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ലയുടെ കൊലപാതകത്തിന് ശേഷം സായുധ സംഘടനയുടെ പ്രധാനിയായിരുന്നു അഫീഫ്.
Most Read| റിയാദ് മെട്രോയുടെ ലോക്കോ പൈലറ്റായി ഇന്ത്യൻ വനിത; അഭിമാന നിമിഷം