ജറുസലേം: ഇറാന് കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്നാണ് പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്. ടെൽ അവീവിനടുത്തുള്ള സോറോക്ക ആശുപത്രിയിൽ ഇറാന്റെ മിസൈൽ പതിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് ഖമനയിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. ”ഭീരുവായ ഇറാനിയൻ സ്വേച്‌ഛാധിപതി ബങ്കറിൽ ഇരുന്ന് ഇസ്രയേലിലെ ആശുപത്രികളിലേക്കും ജനങ്ങൾ താമസിക്കുന്ന കെട്ടിടങ്ങളിലേക്കും മിസൈലുകൾ അയക്കുകയാണ്. ഇത് ഗുരുതരമായ യുദ്ധക്കുറ്റമാണ്. ഖമനയി തന്റെ കുറ്റകൃത്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും”- കാറ്റ്സ് എക്‌സിൽ കുറിച്ചു.
ഇറാനിയൻ നേതാവിനെ ഇല്ലാതാക്കാൻ ഇസ്രയേൽ പ്രതിരോധ സേന തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്രയേലിന് നേരെയുള്ള ഭീഷണികൾ ഇല്ലാതാക്കാൻ ഇറാനിലെ ആക്രമണങ്ങളുടെ തീവ്രത വർധിപ്പിക്കാൻ പ്രധാനമന്ത്രിയും താനും സൈന്യത്തിന് നിർദ്ദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരുപാധികം കീഴടങ്ങണമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം ഖമനയി തള്ളിയിരുന്നു. അടിച്ചേൽപ്പിക്കുന്ന യുദ്ധത്തോടോ സമാധാനത്തോടോ യോജിപ്പില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. സൈനികമായി ഇടപെട്ടാൽ താങ്ങാനാകാത്ത നഷ്‌ടമാകും യുഎസിന് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!