ടെൽ അവീവ്: ഗാസയിൽ അതിരൂക്ഷ ആക്രമണവുമായി ഇസ്രയേൽ. ഓപ്പറേഷൻ ‘ഗിദയോൻ ചാരിയറ്റ്സ് 2‘ എന്ന പേരിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഇതിനായി ഗാസ സിറ്റിയിൽ വിപുലമായ സൈനിക നടപടി ആരംഭിച്ചതായും താമസക്കാർ ഉടൻ പ്രദേശം വിട്ടുപോകണമെന്നും സൈന്യം മുന്നറിയിപ്പ് നൽകി.
ഗാസയുടെ ഭൂപടം മാറ്റിയെഴുതുന്ന തരത്തിലായിരിക്കും ഐഡിഎഫിന്റെ നീക്കമെന്നാണ് സൂചന. ഇത് വ്യക്‌തമാക്കുന്ന വീഡിയോയും ഐഡിഎഫ് പുറത്തുവിട്ടു. ദിവസങ്ങൾക്കുള്ളിൽ ഇസ്രയേൽ നിയന്ത്രിത പ്രദേശമായി ഗാസയെ മാറ്റുമെന്നും നിലവിലെ ഗാസയുടെ ഭൂപടം ചുരുങ്ങി തീരത്തെ ഒരു ചെറിയ തുരുത്താക്കി മേഖലയെ മാറ്റുമെന്നുമാണ് ഐഡിഎഫിന്റെ ഭീഷണി.
യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ ഗാസ സിറ്റിയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈനികർ നേരിട്ടെത്തിയാണ് വെടിവയ്‌പ്പ് നടത്തിയതെന്നാണ് റിപ്പോർട്. ഹമാസിന്റെ സൈനിക സൗകര്യങ്ങൾ നശിപ്പിക്കുന്നതിനായാണ് കരയുദ്ധം ആരംഭിച്ചതെന്നും ഗാസ നിവാസികൾ തെക്കോട്ടേക്ക് മാറിപ്പോകണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഗാസ കത്തിയെരിക്കുമെന്ന പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സിന്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് ഇസ്രയേൽ സൈനിക വക്‌താവ് അവിചയ് അദ്രേയി കരയുദ്ധം തുടങ്ങിയതായുള്ള പ്രഖ്യാപനം നടത്തിയത്. അതിനിടെ, ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേൽ പൗരൻമാരുടെ കുടുംബം കരയുദ്ധം ആരംഭിച്ച തീരുമാനത്തിനെതിരെ രംഗത്തെത്തി.
പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയ കുടുംബാംഗങ്ങൾ ഗാസ സിറ്റിയിലെ സൈനിക നടപടി ഉടൻ നിർത്തണമെന്ന് നെതന്യാഹുവിനോട് അഭ്യർഥിച്ചു. ഗാസയിൽ ഹമാസ് ബന്ദികളാക്കിയ 48 ഇസ്രയേലികളെയാണ് ഇനി തിരികെ എത്തിക്കാനുള്ളത്. ഇതിൽ 20 പേർ മാത്രമാണ് ജീവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്. ഇസ്രയേൽ രണ്ടുവർഷമായി നടത്തുന്ന ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 65,000 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി