ഡമാസ്‌കസ്: ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. സിറിയ വിമതസേന പിടിച്ചെടുത്തതോടെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്. സിറിയൻ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്കാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.
സിറിയയുടെ ആയുധ സംഭരണ കേന്ദ്രങ്ങൾ വിമതരുടെ കൈയിൽ എത്താതിരിക്കാനാണ് ബോംബിട്ട് തകർത്തത്. സുവൈദയിലെ ഖൽബാലാഹ വ്യോമതാവളത്തിലെ ആയുധശേഖരങ്ങൾ, ദാരാ ഗവർണറേറ്റിലെ സൈനിക കേന്ദ്രങ്ങൾ, ഡമാസ്‌കസിലെ മെസ്സെ വ്യോമത്താവളം എന്നിവിടങ്ങളിലാണ് ഇന്ന് പുലർച്ചെ ആക്രമണം ഉണ്ടായതെന്ന് സിറിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.
ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് മെസ്സെ വ്യോമത്താവളത്തിലും ഡമാസ്‌കസിലെ സയന്റിഫിക് സ്‌റ്റഡീസ് ആൻഡ് റിസർച് സെന്ററിന്റെ ശാഖയിലും ഇന്റലിജൻസ്, കസ്‌റ്റംസ് ആസ്‌ഥാനങ്ങൾ ഉൾപ്പെടുന്ന തലസ്‌ഥാനത്തെ സെൻട്രൽ സ്‌ക്വയറിലും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അസദ് ഭരണകൂടത്തിന്റെ പതനത്തെ തുടർന്ന് സിറിയയിലെ ആയുധശേഖരങ്ങൾ തങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ഹിസ്ബുല്ലയ്‌ക്കോ ഇസ്രയേലിന് ഭീഷണിയാകുന്ന മറ്റേതെങ്കിലും ഘടകങ്ങൾക്കോ അവ ലഭിക്കുന്നത് തടയാൻ പ്രവർത്തിച്ച് വരികയാണെന്ന് ഇസ്രയേൽ പ്രതിരോധ സേന പറഞ്ഞു.
അതിനിടെ, സിറിയ വിട്ട പ്രസിഡണ്ട് ബഷാർ അൽ അസദ് കുടുംബത്തോടൊപ്പം മോസ്‌കോയിൽ എത്തി. അദ്ദേഹത്തിന് അഭയം നൽകുമെന്ന് റഷ്യ വ്യക്‌തമാക്കിയിട്ടുണ്ട്. അസദിന്റെ ഭരണത്തിന് അവസാനമായതോടെ വിമതസേന എച്ച്ടിഎസിന്റെ തലവനായ അബു മുഹമ്മദ് അൽ ജുലാനി സിറിയയുടെ തലപ്പത്തേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്.
അങ്ങനെ സംഭവിച്ചാൽ അസദിനെ പിന്തുണയ്‌ക്കുന്ന റഷ്യയുടെയും ഇറാന്റെയും നിലപാടുകൾ നിർണായകമാകും. 2015 മുതൽ അസദ് ഭരണകൂടത്തിന് ഉറച്ച പിന്തുണയാണ് റഷ്യ നൽകുന്നത്. അൽ ഖ്വയിദയിൽ ചേർന്ന അൽ ജുലാനി സിറിയയുടെ തലപ്പത്തെത്തുമ്പോൾ രാജ്യത്തെ ന്യൂനപക്ഷം ആശങ്കയിലാണ്.
ഇത്രയും കാലം അസദ് രാജ്യത്തെ ഇറാന്റെ താൽപര്യത്തിന് എറിഞ്ഞുകൊടുത്തെന്നാണ് വിമത നേതാവ് അബു മുഹമ്മദ് ജുലാനി കുറ്റപ്പെടുത്തുന്നത്. അമേരിക്ക തലയ്‌ക്ക് പത്തുകോടി വിലയിട്ട കൊടും ഭീകരൻ ആയിരുന്നു ജുലാനി. പ്രതീക്ഷയിച്ചതിലും വേഗത്തിലാണ് തലസ്‌ഥാനമായ ഡമാസ്‌കസും വിമതസേന പിടിച്ചെടുത്തത്.
പ്രസിഡണ്ട് രാജ്യം വിട്ടതോടെ ജനം തെരുവിലിറങ്ങി, പതിറ്റാണ്ടുകളായി തല ഉയർത്തി നിന്ന അസദിന്റെ പ്രതിമകൾ ജനം തകർത്തെറിഞ്ഞു. സിറിയൻ സൈന്യവും സുരക്ഷാ സേനയും ഡമാസ്‌കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയി. സുപ്രധാന ഭരണ കാര്യാലയങ്ങളിൽ നിന്നെല്ലാം സൈന്യം പിൻമാറി. പലയിടത്തും ജയിലുകൾ തകർത്ത വിമതർ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചു.
74 ശതമാനം സുന്നി മുസ്‌ലിം വിഭാഗങ്ങളും 13 ശതമാനം ഷിയാ വിഭാഗവും പത്ത് ശതമാനം ക്രൈസ്‌തവരും ഉള്ള ഒരു രാജ്യത്തിന്റെ ഭരണ നേതൃത്വം ഭീകര ബന്ധമുള്ള സായുധ സംഘത്തിന്റെ കൈകളിൽ എത്തുമ്പോൾ എന്താകും സിറിയയുടെ ഭാവി എന്ന ആശങ്ക നിലനിൽക്കുകയാണ്. ലോകത്തെ വൻശക്‌തി രാജ്യങ്ങളൊന്നും വിഷയത്തിൽ ഇടപെട്ടിട്ടില്ല. സ്‌ഥിതി നിരീക്ഷിച്ച് വരികയാണെന്നാണ് അമേരിക്ക പ്രതികരിച്ചത്.
Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്