ഗാസ: തെക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം തുടരുന്നു. ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായും 60 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഗാസയുടെ സിവിൽ ഡിഫൻസ് ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഖാൻ യൂനിസിലെ അൽ മവാനി മേഖലയിലെ ടെൻഡുകളിൽ കഴിഞ്ഞിരുന്നവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഹമാസ് കമാൻഡ് സെന്റർ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ 20ഓളം ടെൻഡുകൾ തകർന്നിട്ടുണ്ട്. സുരക്ഷിത ഇടമായി കണക്കാക്കിയിരുന്നിടത്ത് ആയിരുന്നു ആക്രമണം. അതിനിടെ, മധ്യ ഗാസയിൽ ഇന്നലെയുണ്ടായ ഇസ്രയേൽ ബോംബാക്രമണത്തിൽ കുട്ടികളടക്കം 20 പലസ്‌തീൻകാർ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, ഗാസയിൽ വെടിനിർത്തൽ വേണമെന്ന ആവശ്യത്തെ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ പിന്തുണച്ചു. ഇന്ത്യ-ജിസിസി വിദേശകാര്യ മന്ത്രിമാരുടെ ആദ്യ യോഗത്തിൽ സംസാരിക്കവെയാണ് ഇസ്രയേൽ- ഗാസ സംഘർഷത്തിൽ ഇന്ത്യ നിലപാട് അറിയിച്ചത്.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി







































