ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ ഐടി നിയമത്തിന്റെ പശ്ചാത്തലത്തിൽ ട്വിറ്ററിനോട് പാർലമെന്ററി സ്റ്റാന്റിംഗ് (ഐടി) കമ്മിറ്റിക്ക് മുൻപിൽ വിശദീകരണം നൽകാൻ നിർദ്ദേശം. ജൂൺ 18ന് വൈകീട്ട് നാല് മണിക്ക് പാർലമെന്ററി ഐടി കമ്മിറ്റിക്ക് മുൻപാകെ ട്വിറ്ററിന്റെ പ്രതിനിധി ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സമൂഹ മാദ്ധ്യമങ്ങളുടെ ദുരുപയോഗം, ഓൺലൈൻ വാർത്തകളുടെ ഉള്ളടക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ട്വിറ്ററിന്റെ നിലപാട് കമ്മിറ്റി തേടും. നേരത്തെയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ട്വിറ്റർ പ്രതിനിധികളെ വിളിച്ചു വരുത്തുകയും, വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.
‘പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും, ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിൽ സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്നതിലും ട്വിറ്റർ സ്വീകരിച്ച നടപടികൾ അറിയാനും, സാമൂഹിക മാദ്ധ്യമ / ഓൺലൈൻ വാർത്താ മാദ്ധ്യമ പ്ളാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിൽ ട്വിറ്ററിന്റെ നിലപാട് തേടാനുമാണ് പാർലമെന്ററി കമ്മിറ്റിയുടെ തീരുമാനം’, കമ്മിറ്റിയുടെ അജണ്ടയിൽ പറഞ്ഞിരിക്കുന്നു.
നേരത്തെ കേന്ദ്രത്തിന്റെ ഐടി നിയമവുമായി ബന്ധപ്പെട്ട് ട്വിറ്ററും സർക്കാരും തമ്മിൽ അഭിപ്രായ ഭിന്നതയിൽ ആയിരുന്നു. അതിന്റെ ഒടുവിൽ കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ ഐടി മന്ത്രാലയം സെക്രട്ടറി ട്വിറ്ററിന് അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ട്വിറ്റർ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാമെന്ന് മറുപടി നൽകുകയും ചെയ്തു.
Read Also: പ്രതിഷേധം നടത്തുന്നത് രാജ്യദ്രോഹമല്ല; കേന്ദ്രത്തോട് ഡെൽഹി ഹൈക്കോടതി







































