തിരുവനന്തപുരം: സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറക്കി. ഒരു സ്‌ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. പത്തുലക്ഷം രൂപയാണ് വാർഷിക ലൈസൻസ് ഫീസായി നിശ്‌ചയിച്ചിരിക്കുന്നത്. ഉച്ചയ്‌ക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തന സമയം.
സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങൾക്ക് ലൈസൻസിന് അപേക്ഷിക്കാം. ഫോറിൻ ലിക്കർ ഇൻഫർമേഷൻ ടെക്‌നോളജി പാർക്ക് ലോഞ്ച് ലൈസൻസ് ഐടി പാർക്കുകളുടെ ഡെവലപ്പർമാരുടെ പേരിലാവും നൽകുക. ഒരു ഡെവലപ്പർക്ക് ഒരു ലൈസൻസേ നൽകൂ.
ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ അംഗീകാരമുള്ള സ്‌റ്റാഫിന് പുറമേ ഔദ്യോഗിക സന്ദർശകർ, അതിഥികൾ എന്നിവർക്ക് മാത്രമേ മദ്യം നൽകാൻ കഴിയൂ. ഓഫീസ് കെട്ടിടമല്ലാതെ മറ്റൊരു കെട്ടിടത്തിൽ വേണം ഇതിനുള്ള സൗകര്യം ഒരുക്കേണ്ടത്. എഫ്എൽ 9 ലൈസൻസ് ഉള്ളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ കമ്പനികൾക്ക് അനുമതിയുള്ളൂ. അതേസമയം, ഒന്നാം തീയതിയും സർക്കാർ നിശ്‌ചയിച്ച മറ്റ് ഡ്രൈ ഡേകളിലും മദ്യം വിൽക്കാൻ അനുമതിയില്ല.
എക്‌സൈസ് കമ്മീഷണറുടെ മുൻകൂർ അനുമതി കൂടാതെ ലൈസൻസ് വിൽക്കാനോ കൈമാറാനോ ലീസിന് നൽകാനോ പാടില്ല. ടെക്‌നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് തുടങ്ങി സർക്കാർ നിയന്ത്രണത്തിലും ഉടമസ്‌ഥതയിലുമുള്ള ഐടി പാർക്കുകൾക്കും കൊച്ചി സ്‍മാർട്ട് സിറ്റി പോലെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കമ്പനികൾക്കും സ്വകാര്യ ഐടി പാർക്കുകൾക്കും ലൈസൻസിന് അപേക്ഷിക്കാം.
സംസ്‌ഥാനത്തെ ഐടി പാർലറുകളിൽ ബിയർ, വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് പ്രഖ്യാപിച്ചത്. സംസ്‌ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്നോപാർക്കിൽ മാത്രം ജോലി ചെയ്യുന്നത് 60,000 പേരാണ്.
ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേർ ജോലി ചെയ്യുന്നുണ്ടെന്നിരിക്കെ, ഇവർക്ക് വിശ്രമ സമയങ്ങളും ഇടവേളകളും ചിലവഴിക്കാൻ ഇത്തരം കേന്ദ്രങ്ങൾ തുറക്കുന്നത് കൂടുതൽ ടെക്കികളെ കേരളത്തിലെ ഐടി പാർക്കുകളിലേക്ക് ആകർഷിക്കുമെന്നാണ് കണക്ക് കൂട്ടൽ. നിലവിൽ തിരുവനന്തപുരം ടെക്നോപാർക്കിന്റെ ഗസ്‌റ്റ് ഹൗസിൽ ഒരു ബിയർ പാർലർ പ്രവർത്തിക്കുന്നുണ്ടെന്നത് മാത്രമാണ് ഇടവേളകൾ ചിലവഴിക്കാനുള്ള ഒരേയൊരുപാധി.
Most Read| പാക്കിസ്‌ഥാനികളെ കണ്ടെത്തി തിരിച്ചയക്കണം; മുഖ്യമന്ത്രിമാർക്ക് അമിത് ഷായുടെ നിർദ്ദേശം