കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടിയിലെ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ സുരക്ഷ വർധിപ്പിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ഇത് സംബന്ധിച്ച് റിപ്പോർട് സമർപ്പിക്കാൻ മന്ത്രി ഡിഎഫ്ഒയോട് ആവശ്യപ്പെട്ടു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട് സമർപ്പിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം. ജാനകിക്കാട്ടിൽ വെച്ച് ഈ മാസം മൂന്നിന് 17-കാരി കൂട്ട ബലാൽസംഗത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണമോ, അതിർത്തിയിൽ സംരക്ഷിത വേലിയോ ഇല്ലാത്ത അഞ്ഞൂറേക്കറോളം വരുന്ന ജാനകിക്കാട്ടിൽ സഞ്ചാരികൾ ഒട്ടും സുരക്ഷിതരല്ലെന്ന റിപ്പോർട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിഎഫ്ഒയോട് മന്ത്രി റിപ്പോർട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥലത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക, അതിർത്തികളിൽ മുള്ളുവേലി കെട്ടിത്തിരിക്കുക, കാടിനുള്ളിൽ സഞ്ചാരികൾക്ക് പോകാവുന്ന സ്ഥലം പരിമിതപ്പെടുത്തുക തുടങ്ങിയവയാണ് സുരക്ഷയുടെ ഭാഗമായി വനംവകുപ്പ് ജാനകിക്കാട്ടിൽ അടിയന്തിരമായി ചെയ്യാൻ ഉദ്ദേശിക്കുന്നത്.
കൂടാതെ, കാടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ വീടുകൾ പൊളിച്ചു മാറ്റും. സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ഈ ഭൂമി വനംവകുപ്പ് ഏറ്റെടുക്കുന്നത് ആലോചിക്കും. നിയമസഭാ സമ്മേളനം കഴിഞ്ഞാൽ ജാനകിക്കാട് നേരിട്ട് സന്ദർശിച്ച് സുരക്ഷ വർധിപ്പിച്ച് കൂടുതൽ ആകർഷണമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡിഎഫ്ഒയുടെ റിപ്പോർട് കിട്ടിയാലുടൻ പ്രദേശത്തെ എംഎൽഎമാരുടെ യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി അറിയിച്ചു.
Most Read: ലഹരിമരുന്ന് കേസ്; ആര്യന് ഖാന് ജയില് മോചിതനായി




































