കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗത്തിന് ഇരയായ പെൺകുട്ടി നടത്തിയ കൂടുതൽ വെളിപ്പെടുത്തലിൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും. ഒന്നര വർഷം മുൻപും പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെയാണ് ഇന്ന് അറസ്റ്റ് ചെയ്യുക. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
വീടിനടുത്തുള്ള ബന്ധുവീട്ടിൽ വെച്ച് രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. തുടർന്നാണ് പെരുവണ്ണാമൂഴി പോലീസ് പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തത്. ഇതോടെ കേസുകളുടെ ആകെ എണ്ണം മൂന്നായി. പെൺകുട്ടിയുടെ മൊഴി രേഖപെടുത്തുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ ഉണ്ടായത്.
വിനോദയാത്രക്ക് എന്ന് പറഞ്ഞ് വിളിച്ചു വരുത്തി നാല് പേർ തന്നെ കൂട്ടബലാൽസംഗം ചെയ്തതായാണ് പെൺകുട്ടി ആദ്യം നൽകിയ പരാതി. ഈ മാസം മൂന്നിനാണ് ഈ സംഭവം ഉണ്ടായത്. പെൺകുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നാല് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.
പീഡന വിവരം പുറത്തറിയിച്ചാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. മയക്കുമരുന്ന് നൽകിയതിനാൽ പെൺകുട്ടി ഏറെ നേരം ബോധരഹിതയായിരുന്നു. ബോധം വന്ന ശേഷം ബന്ധുവിന്റെ വീട്ടിൽ പെൺകുട്ടിയെ ഇറക്കിവിട്ടു. പെൺകുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്.
ഈ കേസിൽ പെൺകുട്ടിയുടെ മൊഴിയെടുക്കുമ്പോഴാണ് കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടായത്. കൂട്ട ബലാൽസംഗത്തിന് ശേഷവും പ്രതികൾ ജാനകിക്കാട്ടിൽ വെച്ച് ഈ മാസം 16ന് പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാമതൊരു കേസ് കൂടി രജിസ്റ്റർ ചെയ്ത പോലീസ് തൊട്ടിൽപ്പാലം സ്വദേശിയെ കൂടി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ആദ്യത്തെ കേസിൽ അറസ്റ്റിലായ പ്രതി രാഹുൽ രണ്ടാമത്തെ കേസിലും പ്രതിചേർക്കപ്പെട്ടിട്ടുണ്ട്.
ഇതിന് ശേഷമാണ് ഒന്നര വർഷം മുൻപ് നടന്ന പീഡന വിവരവും പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതോടെ രണ്ട് പേരെ പ്രതിയാക്കി മൂന്നാമത് ഒരു കേസ് കൂടി പോലീസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോക്സോ, ദളിതർക്കെതിരായ അതിക്രമം തടയല്‍, പീഡനം എന്നീ വകുപ്പുകളാണ് മൂന്നാമത്തെ കേസിലും ചുമത്തിയിട്ടുള്ളത്.
കടുത്ത മാനസിക സമ്മർദ്ദത്തിലാണ് പെൺകുട്ടിയെന്നും, കൂടുതൽ മൊഴി എടുക്കേണ്ടതുണ്ടെന്നും റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു. അതേസമയം മറ്റ് രണ്ട് കേസുകളിൽ അറസ്റ്റിലായ അഞ്ച് പ്രതികളെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിൽ വാങ്ങാനായി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
Most Read: മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് അപ്രൈസറും ഭാര്യയും ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്







































