കോട്ടുവായിട്ട ശേഷം വായ അടയ്‌ക്കാൻ കഴിയാതെ വന്ന യാത്രക്കാരൻ ബുദ്ധിമുട്ടിയതും, ശേഷം അടിയന്തിര വൈദ്യസഹായം നൽകി റെയിൽവേ ഡിവിഷണൽ ഓഫീസർ അദ്ദേഹത്തെ രക്ഷിക്കുന്നതിന്റെയും ദൃശ്യം കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ, കോട്ടുവായിട്ടാൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന ആശങ്കയിലും അങ്കലാപ്പിലുമായി നമ്മൾ.
എന്താണ് ഈ അവസ്‌ഥയ്‌ക്ക് കാരണം?
കീഴ്‌ത്താടിയെല്ലിന്റെ ‘ബോൾ ആൻഡ് സോക്കറ്റ്’ സന്ധി അതിന്റെ സാധാരണ സ്‌ഥാനത്ത് നിന്ന് തെറ്റിപ്പോകുന്ന അവസ്‌ഥയാണിത്. ഇതിനെ ‘ടെമ്പോറോമാൻഡിബുലാർ ജോയന്റ് ഡീ ലൊക്കേഷൻ, അല്ലെങ്കിൽ ‘ജോയന്റ് ലോക്ക്’, ‘ഓപ്പൺ ലോക്ക്’ എന്നൊക്കെ പറയും.
ടിഎംജെ ഡിസ് ലൊക്കേഷൻ സംഭവിച്ചാൽ വായ തുറന്ന അവസ്‌ഥയിൽ ലോക്ക് ആവുക, വേദന, സംസാരിക്കാനും വായ അടയ്‌ക്കാനുമുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. കോട്ടുവായ ഇടുക, ഉറക്കെ ചിരിക്കുക തുടങ്ങി വായ കൂടുതലായി വികസിക്കുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ ഇങ്ങനെ സംഭവിച്ചേക്കാം.
താടിയെല്ലിനോട് അനുബന്ധമായ ലിഗ്‌മെന്റുകൾ അയഞ്ഞാലോ താടിയെലിന്റെ മസിലുകൾക്കുമേൽ സമർദ്ദമുണ്ടായാലോ ഇങ്ങനെ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ഡോക്‌ടർക്ക് കൈകൊണ്ട് തന്നെ സന്ധിയെ പൂർവസ്‌ഥിതിയിലാക്കാനും സാധിക്കും. എന്നാൽ, ഗുരുതരമായ അവസ്‌ഥയിൽ ശസ്‌ത്രക്രിയ ഉൾപ്പടെ ആവശ്യമായി വന്നേക്കാം.
എന്തൊക്കെ ശ്രദ്ധിക്കണം
ഇങ്ങനെ സംഭവിച്ചാലും പേടിക്കാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ശക്‌തമായി വായ അടക്കാൻ സ്വയം ശ്രമിക്കാതിരിക്കുക. ഡോക്‌ടറുടെയോ ദന്ത വിദഗ്‌ധന്റെയോ സഹായം തേടാം.
ജോയന്റ് ലോക്ക് ഉണ്ടാവാതിരിക്കാൻ ചില മുൻകരുതൽ
- മുഖാസ്‌ഥിയുടെ ജോയിന്റിൽ വേദനയോ ടക്, ടക് ശബ്‌ദമോ വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. അങ്ങനെയുള്ളവർ പാടുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും കൂടുതൽ വായ തുറക്കാതിരിക്കുക.
- കട്ടിയുള്ള ആഹാരം കടിച്ചുപൊട്ടിച്ച് കഴിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം.
- കോട്ടുവായിടുമ്പോൾ താടിയെല്ലിന് ചെറിയ സപ്പോർട്ട് കൊടുക്കുക.
- മൃദുവായുള്ള മസാജിങ് ചെയ്‌ത് മസിൽ റിലാക്‌സാക്കാം.
- ചെറുചൂടുള്ള പാഡോ തുണിയോ താടിയെലിന്റെ സന്ധിയിൽ വെക്കുന്നതും നല്ലതാണ്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ