കൊച്ചി: സേവ് ബോക്‌സ് ബിൽഡിങ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യക്കെതിരെ നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു. ഇത് ഭൂമിയാണെന്നാണ് വിവരം.
സ്‌ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. തട്ടിപ്പുമായി ബന്ധപ്പെട്ട് ജയസൂര്യയെ രണ്ടുതവണ ഇഡി ചോദ്യം ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സരിതയെയും ഇഡി വിളിപ്പിച്ചിരുന്നു. ബ്രാൻഡ് അംബാസിഡറായതുകൊണ്ട് സേവ് ബോക്‌സിൽ നിന്ന് ജയസൂര്യയുടെ അക്കൗണ്ടിലേക്ക് പണം വന്നെന്ന് കണ്ടെത്തിയിരുന്നു.
തട്ടിപ്പിലൂടെ ലഭിച്ച പണമാണ് സേവ് ബോക്‌സ് ആപ്പിന്റെ ഉടമ സ്വാതിക് റഹീമിന്റെ കമ്പനിയിൽ നിന്ന് ജയസൂര്യക്ക് നൽകിയത്. ഈ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് ഇഡി ഇപ്പോഴത്തെ നടപടിയിലേക്ക് നീങ്ങിയത്. ഓൺലൈൻ ലേല സേവ് ബോക്‌സ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടമ സ്വാതിക് റഹീമിനെ 2023ൽ തൃശൂർ ഈസ്‌റ്റ് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണവുമായി രംഗത്തെത്തിയത്.
രണ്ടുവർഷം മുൻപ് ഏറെ വിവാദമായ കേസാണ് സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്. ഓൺലൈൻ ലേല ആപ്പായ സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി. ഓൺലൈൻ ലേലത്തിലൂടെ ഇലക്‌ട്രോണിക് ഉപകരണങ്ങൾ കുറഞ്ഞവിലയ്‌ക്ക് സ്വന്തമാക്കാമെന്ന പ്രചാരണം നൽകിയാണ് സേവ് ബോക്‌സ് ആപ്പ് 2019ൽ അവതരിപ്പിച്ചത്. സിനിമാ മേഖലയുമായി അടുത്ത ബന്ധമുള്ളയാളാണ് സ്വാതിക്.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം





































