വാഷിംഗ്ടൺ: റഷ്യക്കെതിരെ കടുത്ത നടപടിയുമായി വീണ്ടും അമേരിക്ക. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രസിഡണ്ട് ജോ ബൈഡൻ കടുത്ത ഭാഷയിലാണ് റഷ്യക്ക് എതിരെ വിമർശനം ഉന്നയിച്ചത്. യുഎസിലെ യുക്രൈന് സ്ഥാനപതിക്ക് യുഎസ് കോണ്‍ഗ്രസിലേക്ക് പ്രത്യേക ക്ഷണമുണ്ട്. പ്രസംഗം കേള്‍ക്കാന്‍ സന്ദര്‍ശക ഗാലറിയില്‍ യുക്രൈന് പ്രതിനിധിയെത്തി.
പുടിന്റെ കണക്കുകൂട്ടൽ തെറ്റി. യുക്രൈൻ ജനത കരുത്തിന്റെ കോട്ടയായി നിലയുറപ്പിച്ചു. യുക്രൈന് സഹായം നൽകുന്നത് തുടരുമെന്നും നാറ്റോയുടെ ഓരോ ഇഞ്ച് മണ്ണും സംരക്ഷിക്കാൻ അമേരിക്ക മുന്നിൽ നിൽക്കുമെന്നും ബൈഡൻ പറഞ്ഞു.
എന്താണ് ഇനി സംഭവിക്കാൻ പോകുന്നതെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിന് യാതൊരു ധാരണയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക യുക്രൈനിൽ നേരിട്ട് സൈനിക ഇടപെടൽ നടത്തില്ലെന്ന് പറഞ്ഞ അദ്ദേഹം പുടിനെ ഏകാധിപതിയെന്നും വിമർശിച്ചു.
യുക്രൈന് നേരെയുള്ള റഷ്യയുടെ നടപടി യാതൊരു പ്രകോപനവുമില്ലാതെയാണ്. പുടിന് ഒറ്റപ്പെട്ടിരിക്കുകയാണ്. ഏകാധിപത്യത്തിന് മേല്‍ ജനാധിപത്യം വിജയിക്കുമെന്നും ബൈഡന് പറഞ്ഞു.
അതേസമയം, അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് ബൈഡന് വിലക്ക് പ്രഖ്യാപിച്ചു. ഇങ്ങനൊരു യുദ്ധമുണ്ടാകുമെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് എല്ലാ ലോകരാജ്യങ്ങള്‍ക്കും അമേരിക്ക കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ബൈഡന് വ്യക്തമാക്കി. ലോകത്തെ പിടിച്ചുകുലുക്കാം എന്നായിരുന്നു പുടിന് കരുതിയത്. പക്ഷേ പുടിന് തെറ്റിപ്പോയി. യുക്രൈനിലേക്ക് സൈന്യത്തെ യുഎസ് അയക്കില്ലെന്ന് ബൈഡന് വീണ്ടും ആവര്‍ത്തിച്ചു. എന്നാല്‍ യുക്രൈനൊപ്പം അമേരിക്കയുണ്ടാകുമെന്ന് യുഎസ് വ്യക്തമാക്കി.
Most Read: നോക്കു കുത്തിയാകാനില്ല; പുനഃസംഘടനയിൽ നിലപാട് വ്യക്തമാക്കി കെ സുധാകരൻ









































