തിരുവനന്തപുരം: പുനഃസംഘടന നിർത്തിവെച്ച ഹൈക്കമാൻഡ് നടപടിയിൽ അതൃപ്‌തി മാറാതെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. എല്ലാവരുമായും ചർച്ച നടത്തിയിട്ടും എംപിമാരുടെ പരാതി ഉണ്ടെന്ന് പറഞ്ഞ് പട്ടിക തടഞ്ഞതിലാണ് അമർഷം. നോക്കുകുത്തി ആയി കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത് തുടരാൻ ഇല്ലെന്നാണ് സുധാകരൻ എഐസിസി നേതൃത്വത്തെ അറിയിച്ചത്.
എഐസിസി പ്രതിനിധികളും സംസ്‌ഥാന നേതാക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുധാകരൻ വഴങ്ങിയില്ല. ഇന്നും അനുനയ നീക്കം തുടരും. കെസി വേണുഗോപാലും വിഡി സതീശനും തന്നെ മറയാക്കി പാർട്ടി പിടിക്കാൻ ശ്രമിക്കുന്നുവെന്നാണ് സുധാകരന്റെ സംശയം. എന്നാൽ എംപിമാർ അടക്കം പരാതികൾ ഉന്നയിച്ചാൽ പരിഹരിക്കാതെ എങ്ങിനെ മുന്നോട്ട് പോകും എന്നാണ് സതീശന്റെ നിലപാട്.
ഡിസിസി പുനഃസംഘടനയുടെ അന്തിമകരട് പട്ടിക തയ്യാറാക്കിയിരിക്കെയാണ് സംസ്‌ഥാന കോൺസിലെ അസാധാരണ പോര്. ശക്‌തമായ ചേരികൾ മാറിമറഞ്ഞാണ് പാർട്ടി പൊട്ടിത്തെറിയുടെ വക്കിലേക്ക് നീങ്ങുന്നത്. അവസാന ചർച്ച നടത്തി ഹൈക്കമാൻഡ് അനുമതിയോടെ പ്രഖ്യാപനം നടത്താനിരിക്കെയാണ് കേന്ദ്ര ഇടപെടൽ. എംപിമാരെ കേട്ടില്ലെന്നാണ് പരാതി. പരാതികൾ ഉണ്ടെെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും സമ്മതിച്ചിരുന്നു.
Read Also: റഷ്യയിലെ ഇന്ത്യൻ എംബസി സംഘം ഉക്രൈൻ അതിർത്തിയിൽ