തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാദ്ധ്യമ ഉപദേഷ്‌ടാവും ആയിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്‌ഥാന സമിതി അംഗം ഡോ. വി ശിവദാസനും സിപിഎം സ്‌ഥാനാർഥികളായി രാജ്യസഭയിലേക്ക് മൽസരിക്കും. സിപിഎം സംസ്‌ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം.
വിജു കൃഷ്‌ണൻ, കെകെ രാഗേഷ് എന്നിവരുടെ പേര് പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാല്‍ പുതുമുഖങ്ങള്‍ വരട്ടെ എന്ന തീരുമാനത്തിലേക്കാണ് അവസാനം സിപിഎം എത്തിയിരിക്കുന്നത്. വൈകീട്ട് നാലുമണിക്ക് എല്‍ഡിഎഫ് യോഗമുണ്ട്. യോഗത്തില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
കേരളത്തിൽ ഒഴിവു വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ നിയമസഭാ അംഗബലത്തിൽ രണ്ട് പേരെ എൽഡിഎഫിനും ഒരാളെ യുഡിഎഫിനും വിജയിപ്പിക്കാം.
ഈ മാസം 30നാണ് തിരഞ്ഞെടുപ്പ്. ഏപ്രിൽ 20 ആണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. ഏപ്രിൽ 30ആം തീയതി രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ 21ആം തീയതി സൂക്ഷ്‌മ പരിശോധന നടക്കും. ഏപ്രിൽ 23ആം തീയതി വരെയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസരം ഉണ്ടായിരിക്കുക.
Also Read: വാക്‌സിൻ ക്ഷാമം; ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്‌സിനേഷൻ ക്യാംപ് നിർത്തിവെച്ചു