തിരുവനന്തപുരം: നടൻ ജോജു ജോർജുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജോജുവിനെതിരെ പ്രതികരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറയുന്നു. ജോജുവുമായുള്ള പ്രശ്‌നം ജോജുവിനോട് മാത്രമുള്ളതാണെന്നും അത് സിനിമാ മേഖലയിലുള്ള മറ്റുള്ളവരുമായുള്ള പ്രശ്‌നമായി മാറരുതെന്നാണ് താൻ പറഞ്ഞിരുന്നതെന്നും സുധാകരൻ വിശദീകരിച്ചു.
അന്ന് ജോജുവിൽ നിന്നുണ്ടായത് അപക്വമായ നടപടിയാണ്. അതിന് സിനിമാ ലോകത്തെ എല്ലാവരെയും ശിക്ഷിക്കരുത്. പ്രശ്‌നം തീർക്കാൻ ജോജു എത്തിയതാണെന്നും എന്നാൽ, ചില മുതിർന്ന സിപിഎം നേതാക്കൾ അദ്ദേഹത്തെ പിന്തിരിപ്പിക്കുകയാണ് ഉണ്ടായതെന്നും സുധാകരൻ ആരോപിച്ചു.
ജോജു ജോർജിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സിനിമാ ചിത്രീകരണം തടയാനുള്ള യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ നേരത്തെ കെ സുധാകരൻ രംഗത്തെത്തിയിരുന്നു. സിനിമ സർഗാത്‌മക പ്രവർത്തനമാണെന്നും, സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നുമായിരുന്നു സുധാകരന്റെ നിലപാട്. വിഷയത്തിൽ നേതാക്കൾക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും സുധാകരൻ അറിയിച്ചിരുന്നു.
ഇതിനിടെ ജോജുവിന്റെ വിഷയം നിയമസഭയിൽ മുകേഷ് എംഎൽഎ ഉന്നയിച്ചു. ഭീഷണി മൂലം ജോജുവിന്റെ കുട്ടികൾക്ക് സ്‌കൂളിൽ പോകാനോ മാതാപിതാക്കൾക്ക് പുറത്തിറങ്ങാനോ കഴിയാത്ത അവസ്‌ഥയാണെന്ന് മുകേഷ് പറഞ്ഞു. ജോജുവിനെതിരായ ഭീഷണി അതീവ ഗൗരവമായ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും ശക്‌തമായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Also Read: കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് കടത്തുമോയെന്ന് ആശങ്ക; അനുപമ വീണ്ടും പരാതി നൽകി