ബെംഗളൂരു: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു. 97 വയസായിരുന്നു. മണിപ്പാലിലെ ആശുപത്രിയിൽ വെള്ളിയാഴ്‌ച വൈകീട്ടോടെയായിരുന്നു അന്ത്യം. തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണ നാമം. ഇംഗ്ളീഷിലും മലയാളത്തിലുമായി ഒട്ടേറെ പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്.
പത്രാധിപർ, കോളമിസ്‌റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഏഷ്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ചെയർമാനായിരുന്നു. 2011ൽ രാജ്യം പത്‌മഭൂഷൺ നൽകി ആദരിച്ചിരുന്നു. മാദ്ധ്യമ രംഗത്തെ മികവിന് കേരള സർക്കാർ നൽകുന്ന ഉന്നത അംഗീകാരമായ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം 2019ൽ ലഭിച്ചു.
1928 മേയ് ഏഴിന് പത്തനംതിട്ട ജില്ലയിലെ തുമ്പമണിലാണ് ജനനം. തിരുവനന്തപുരത്തും മദ്രാസ് ക്രിസ്‌ത്യൻ കോളേജിലുമായി പഠനം പൂർത്തിയാക്കി. യാദൃശ്‌ചികമായാണ് അദ്ദേഹം പത്രപ്രവർത്തകനായത്. 1950ൽ ഫ്രീപ്രസ് ജേർണലിലൂടെ പത്രപ്രവർത്തനം തുടങ്ങിയ അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലേറെ കാലം മാദ്ധ്യമ പ്രവർത്തകനായിരുന്നു.
ഇന്റർനാഷണൽ പ്രസ് ഇൻസ്‌റ്റിറ്റ്യൂട്ട്, ദ് സേർച്ച്‌ലൈൻ, ഫാർ ഈസ്‌റ്റേൺ ഇക്കണോമിക് റിവ്യൂ എന്നിവയിൽ പ്രവർത്തിച്ചു. ഹോങ്കോങ്ങിൽ നിന്നുള്ള ഏഷ്യ വീക്കിന്റെ സ്‌ഥാപക പത്രാധിപരാണ്. 1965ൽ ബിഹാർ മുഖ്യമന്ത്രിയായിരുന്ന കെബി സഹായിയെ എതിർത്തതിന് ജയിലിലടക്കപ്പെട്ട ജോർജ്, സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജയിലിൽ അടയ്‌ക്കപ്പെട്ട പത്രാധിപരാണ്.
കാൽനൂറ്റാണ്ടോളം ‘ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസി’ൽ എഴുതിയിരുന്ന ‘പോയന്റ് ഓഫ് വ്യൂ’ എന്ന കോളം ടിജെഎസ് ജോർജിനെ വായനക്കാരുടെ പ്രിയങ്കരനാക്കി. തന്റെ പത്രപ്രവർത്തക ജീവിതത്തെ അടിസ്‌ഥാനമാക്കി എഴുതിയ ‘ഘോഷയാത്ര’ എന്ന പുസ്‌തകം ശ്രദ്ധിക്കപ്പെട്ടു.
വികെ കൃഷ്‌ണമേനോൻ, നർഗീസ്, എയിംസ് സുബലക്ഷ്‌മി, സിംഗപ്പൂർ മുൻ പ്രസിഡണ്ട് ലീക്വാൻയൂ തുടങ്ങിയവരെ കുറിച്ചുള്ള ജീവചരിത്ര കുറിപ്പുകൾ ശ്രദ്ധേയമാണ്. ‘നൗ ഈസ് ദ ടൈം ടു സെ ഗുഡ്ബൈ’ എന്ന തലക്കെട്ടിലാണ് കേരളത്തിന്റെ അവസാന ലക്കം എഴുതി മൂന്നുവർഷം മുൻപ് പത്രപ്രവർത്തനത്തിൽ നിന്ന് അദ്ദേഹം വിടവാങ്ങിയത്. ഭാര്യ: പരേതയായ അമ്മു. മക്കൾ: എഴുത്തുകാരനായ ജീത് തയ്യിൽ, ഷെബ.
Most Read| അമീബിക് മസ്‌തിഷ്‌ക ജ്വരം; കഴിഞ്ഞമാസം രോഗം 40 പേർക്ക്, മരണം 11