കൊൽക്കത്ത: ആക്രമണത്തിന് ഒരുമാസത്തിന് ശേഷം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വീണ്ടും പശ്‌ചിമ ബംഗാളിൽ. കനത്ത സുരക്ഷാ മുൻകരുതലുകളോടെയാണ് നഡ്ഡയുടെ ബംഗാൾ സന്ദർശനം.
ബംഗാളിൽ വീടുകൾതോറും കയറി ഇറങ്ങിയുള്ള അരി ശേഖരണ പരിപാടിക്ക് അദ്ദേഹം തുടക്കം കുറിച്ചു. ബിജെപിയെ കർഷക വിരുദ്ധ പാർട്ടിയെന്ന് വിളിക്കുന്ന പ്രതിപക്ഷത്തിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏക് മുത്തി ചാവൽ എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി കർഷകരുടെ വീടുകളിൽ നേരിട്ടെത്തി അരി ശേഖരിക്കുകയും മൂന്ന് കാർഷിക നിയമങ്ങളുടെ ഗുണഫലങ്ങൾ വീടുകയറി അറിയിക്കുകയും ചെയ്യുമെന്ന് ബിജെപി വ്യക്‌തമാക്കി.
ഒരു മാസത്തിൽ അധികമായി പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിലെ കർഷകർ രാജ്യ തലസ്‌ഥാനത്ത് പ്രതിഷേധിക്കുന്നതിനിടെയാണ് ബിജെപി അധ്യക്ഷന്റെ പര്യടനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കളെ ബിജെപിയിൽ എത്തിക്കാനും ബംഗാൾ പിടിച്ചടക്കാനുമാണ് ബിജെപി നീക്കം.
ഡിസംബർ 10ന് കൊൽക്കത്തയിലെ ഡയമണ്ട് ഹാർബറിൽ വെച്ച് നഡ്ഡയുടെ വാഹനത്തിന് നേരെ ആക്രമണം നടന്നിരുന്നു. ആക്രമണത്തെ തുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്രവും തമ്മിൽ വാഗ്വാദങ്ങൾ പതിവായിരുന്നു. അതിനിടെയാണ് നഡ്ഡ വീണ്ടും ബംഗാളിൽ സന്ദർശനത്തിന് എത്തിയത്.
Read also: യുഎസ് കാപ്പിറ്റോള്‍ ആക്രമണം; ഇന്ത്യന്‍ പതാക വീശിയ മലയാളിക്കെതിരെ പരാതി








































