കൊച്ചി: ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിന്റെ നിർദ്ദേശം അംഗീകരിച്ച് നിർമാതാക്കൾ. സിനിമയിലെ നായികാ കഥാപാത്രമായ ജാനകിയുടെ പേര് ജാനകി. വി എന്ന് മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ചിത്രത്തിന്റെ പേര് ‘ജെഎസ്‌കെ-ജാനകി വി. വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ എന്നായി മാറും.
സിനിമയിൽ രണ്ടിടത്ത് ജാനകി എന്ന പേര് പരാമർശിക്കുന്നത് മ്യൂട്ട് ചെയ്യുകയോ പേര് മാറ്റുകയോ വേണമെന്ന നിബന്ധനയും നിർമാതാക്കൾ അംഗീകരിച്ചു. മാറ്റങ്ങൾ വരുത്തിയ ഭാഗങ്ങൾ വീണ്ടും സമർപ്പിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ് അറിയിച്ചു. ഇതോടെ കേസ് ബുധനാഴ്‌ച പരിഗണിക്കാൻ ജസ്‌റ്റിസ് എൻ നഗരേഷ് മാറ്റി.
രാവിലെയും ഉച്ചകഴിഞ്ഞ് രണ്ടുമണിക്കും കേസ് പരിഗണിച്ചപ്പോൾ സിനിമയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചിരുന്നില്ല. സിനിമയിൽ പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങൾ വരുത്താമെങ്കിൽ അനുമതി നൽകാമെന്ന് ഇന്ന് രാവിലെ ഹരജി പരിഗണിക്കവെ സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്ക് പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേർത്ത് സിനിമയുടെ പേര് ‘വി. ജാനകി’ എന്നോ ‘ജാനകി വി’ എന്നോ ആക്കുകയാണ് ഒരു മാറ്റം.
ചിത്രത്തിലെ കോടതി രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യുക എന്നതാണ് രണ്ടാമത്തെ മാറ്റം. ഇവ അംഗീകരിച്ചാൽ അനുമതി നൽകാമെന്നായിരുന്നു സെൻസർ ബോർഡ് പറഞ്ഞത്. ഉച്ചകഴിഞ്ഞ് കോടതി ചേർന്നപ്പോൾ, പേര് മ്യൂട്ട് ചെയ്യുന്ന കാര്യം അംഗീകരിക്കുന്നു എന്ന് നിർമാതാക്കൾ അറിയിച്ചു. സിനിമയുടെ ടീസർ അടക്കമുള്ളവ ജാനകി എന്ന പേരിൽ ആയതിനാൽ പെരുമാറ്റുക ബുദ്ധിമുട്ടാണെന്നും നിർമാതാക്കൾ അറിയിച്ചു.
എന്നാൽ, പേര് മാറ്റണമെന്ന നിലപാടിൽ സെൻസർ ബോർഡ് ഉറച്ചുനിന്നതോടെ കേസ് വീണ്ടും പരിഗണിച്ചപ്പോൾ നിർമാതാക്കൾ അതിന് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. നേരത്തെ, 96 മാറ്റങ്ങളാണ് ചിത്രത്തിൽ നിർദ്ദേശിച്ചിരുന്നത്. മത, ജാതി, വംശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദ്വേഷകരമായ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകരുതെന്ന മാർഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നിഷേധിച്ചത്.
Most Read| സർക്കാരിന് തിരിച്ചടി; കീം റാങ്ക് ലിസ്‌റ്റ് റദ്ദാക്കി ഹൈക്കോടതി