തിരുവനന്തപുരം: നിയമക്കുരുക്കിൽപ്പെട്ട ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പുതുക്കിയ പതിപ്പ് ഇന്ന് നിർമാതാക്കൾ സെൻസർ ബോർഡിന് സമർപ്പിക്കും. തിരുവനന്തപുരത്തെ സെൻസർ ബോർഡ് ഓഫീസിലായിരിക്കും സമർപ്പിക്കുക. മ്യൂട്ട് ചെയ്‌ത ഭാഗങ്ങളും എഡിറ്റ് ചെയ്‌ത സബ് ടൈറ്റിലും മാത്രമായിരിക്കും സമർപ്പിക്കുക.
പരിശോധിച്ച് ഇന്ന് തന്നെ പുതുക്കിയ പതിപ്പിന് സെൻസർ ബോർഡ് അനുമതി നൽകിയേക്കും. മാറ്റങ്ങൾ വരുത്തിയ ഭാഗങ്ങൾ വീണ്ടും സമർപ്പിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. രണ്ട് മാറ്റങ്ങൾ വരുത്താനാണ് സെൻസർ ബോർഡ് പ്രധാനമായും നിർദേശിച്ചിരുന്നത്.
സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്ക് പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേർത്ത് സിനിമയുടെ പേര് ‘വി. ജാനകി’ എന്നോ ‘ജാനകി വി’ എന്നോ ആക്കുകയാണ് ഒരു മാറ്റം. ചിത്രത്തിലെ കോടതി രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യുക എന്നതാണ് രണ്ടാമത്തെ മാറ്റം. ഇവ അംഗീകരിച്ചാൽ അനുമതി നൽകാമെന്നായിരുന്നു സെൻസർ ബോർഡ് പറഞ്ഞത്.
ഇവ നിർമാതാക്കൾ അംഗീകരിക്കുകയായിരുന്നു. നേരത്തെ, 96 മാറ്റങ്ങളാണ് ചിത്രത്തിൽ നിർദ്ദേശിച്ചിരുന്നത്. മത, ജാതി, വംശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദ്വേഷകരമായ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകരുതെന്ന മാർഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നിഷേധിച്ചത്.
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളം എന്ന ചിത്രം ‘ജാനകി’ എന്ന പേരിലാണ് തുടങ്ങിയത്. പീഡനത്തിനിരയായ ഗർഭിണിയായ യുവതിയെ ആണ് അനുപമ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നൽകിയതാണ് വിവാദമായത്.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!