ന്യൂഡെൽഹി: പാക്കിസ്‌ഥാന് ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്‌റ്റിലായ വനിതാ വ്‌ളോഗർ ജ്യോതി മൽഹോത്ര പഹൽഗാം ഭീകരാക്രമണത്തിന് മുൻപ് പാക്കിസ്‌ഥാൻ സന്ദർശിച്ചതായി ഹരിയാന പോലീസ്. ജ്യോതിയെ പോലീസിന് അഞ്ചുദിവസത്തെ കസ്‌റ്റഡിയിൽ ലഭിച്ചതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണായക വിവരങ്ങൾ പുറത്തുവരുന്നത്.
ജ്യോതി നിരവധി തവണ പാക്കിസ്‌ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നാണ് വിവരം. ചൈനയിലേക്കും യാത്ര നടത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവരെ പാക്ക് രഹസ്യാന്വേഷണ ഏജൻസികൾ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഹരിയാന പോലീസ് അധികൃതർ പറഞ്ഞു.
ജ്യോതിയെയും ഇത്തരത്തിൽ റിക്രൂട്ട് ചെയ്‌തിരിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. അതേസമയം, ജ്യോതിയുടെ വരുമാനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം വെച്ച് ഇത്രയും വിദേശയാത്രകൾ നടത്താൻ സാധിക്കില്ലെന്ന നിഗമനത്തിലാണ് പോലീസ്. പുറത്ത് നിന്ന് ജ്യോതിക്ക് പണം ലഭിച്ചിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.
ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങളെ കുറിച്ച് ജ്യോതിയും പാക്ക് ഉദ്യോഗസ്‌ഥരും തമ്മിൽ സംസാരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ നിന്ന് വ്യക്‌തമായിട്ടുണ്ടെന്നാണ് ഹരിയാന പോലീസ് പറയുന്നത്. പാക്കിസ്‌ഥാൻ യാത്രയ്‌ക്കിടെ ജ്യോതി പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
ഹരിയാന പോലീസിന് പുറമെ കേന്ദ്ര ഏജൻസികളും അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്. പോലീസ് കസ്‌റ്റഡിയിലുള്ള ജ്യോതിയെ വരും ദിവസങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്‌തേക്കും. അതേസമയം പാക്ക് ചാരപ്പണി നടത്തിയ സംഭവത്തിൽ ഉയർന്ന ആരോപണങ്ങൾ നിഷേധിക്കുകയാണ് ജ്യോതിയുടെ കുടുംബം.
നടക്കുന്നത് ഗൂഢാലോചനയാണെന്നും കുടുംബത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ജ്യോതിയുടെ പിതാവ് ആരോപിച്ചു. 33-കാരിയായ ജ്യോതി മൽഹോത്രയുടെ ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിന് 3.77 ലക്ഷം സബ്‌സ്‌ക്രൈബർമാരാണ് ഉള്ളത്. യൂട്യൂബ് ചാനലിലൂടെ പാക്കിസ്‌ഥാനെ കുറിച്ച് നല്ലത് പറഞ്ഞ് പോസിറ്റീവ് ഇമേജ് ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പാക്ക് ഏജൻസികൾ ജ്യോതിയെ ഏൽപ്പിച്ച ചുമതലയെന്നാണ് സൂചനകൾ.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ