ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖര റാവുവിന് തിരഞ്ഞെടുപ്പ് പ്രചാരണ വിലക്ക്. കോൺഗ്രസിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 48 മണിക്കൂറാണ് വിലക്ക്. എട്ടുമണി മുതലാണ് വിലക്കുള്ളത്.
റാവുവിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുസംബന്ധിച്ച നോട്ടീസ് നൽകി. നടപടിക്ക് കാരണമായ പ്രസംഗത്തിനെതിരെ കെസിആറിന് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നതായും കമ്മീഷൻ അറിയിച്ചു. കോൺഗ്രസ് നേതാവ് ജി നിരഞ്‌ജൻ നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. ചന്ദ്രശേഖർ റാവു പാർട്ടിക്കെതിരെ അപകീർത്തികരവും ആക്ഷേപകരവുമായ പരാമർശം നടത്തിയെന്നായിരുന്നു പരാതി.
ഏപ്രിൽ അഞ്ചിന് സിർസില്ലയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കെസിആർ നടത്തിയ അപകീർത്തികരമായ പ്രസ്‌താവനയുടെ പേരിലാണ് നടപടിയെന്നാണ് കമ്മീഷൻ വ്യക്‌തമാക്കിയിരിക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം പൊതുസമ്മേളനം, പൊതുപ്രകടനം, പൊതുറാലികൾ, അഭിമുഖം, മാദ്ധ്യമങ്ങളിലൂടെയുള്ള പ്രതികരണം തുടങ്ങിയവയിൽ നിന്നാണ് കെസിആറിനെ വിലക്കിയിരിക്കുന്നത്.
കോൺഗ്രസ് പ്രവർത്തകരെ ചന്ദ്രശേഖർ റാവു നായ്‌ക്കളോട് ഉപമിച്ചുവെന്ന പരാതിയിൽ കഴമ്പുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരുന്നു. പ്രവർത്തകരെ ‘ലത്‌ഖോർ എന്ന് വിളിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ, വാർത്താ സമ്മേളനത്തിലെ ചില വാക്കുകൾ സന്ദർഭത്തിന് വിരുദ്ധമായി അടർത്തി എടുക്കുകയായിരുന്നു എന്നാണ് ചന്ദ്രശേഖർ റാവുവിന്റെ വിശദീകരണം.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി