തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കെ. സുധാകരന് കടുത്ത അതൃപ്തിയെന്ന് വിവരം. ഡെൽഹിയിലെ ഇന്നത്തെ സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി. സുധാകരനെ അനുനയിപ്പിക്കാൻ ഡെൽഹിയിൽ പലഘട്ടങ്ങളിലായി ചർച്ചകൾ നടന്നു വരികയായിരുന്നു.
കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മൽസരിക്കാൻ താൽപര്യമുണ്ടെന്ന് സുധാകരൻ നേരത്തെ വ്യക്തമാക്കിയതാണ്. ഇക്കാര്യം പാർട്ടിയെയും അറിയിച്ചതാണ്. എന്നാൽ, എംപിമാർ മൽസരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. സുധാകരന് മാത്രം ഇളവ് നൽകാൻ സാധ്യതയില്ലെന്നാണ് വിവരം.
ഹൈക്കമാൻഡും ഇതുവരെയും ഇതിന് പച്ചക്കൊടി കാട്ടിയിട്ടില്ല. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി. സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ളവർ ഡെൽഹിയിലുണ്ട്. മൽസര സന്നദ്ധത അറിയിച്ച എംപിമാരായ കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവരുമായി സണ്ണി ജോസഫ് ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
സീറ്റിന്റെ കാര്യത്തിൽ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് അതൃപ്തി വ്യക്തമാക്കി തുടർചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ നാട്ടിലേക്ക് മടങ്ങിയത്. സുധാകരൻ അടക്കം മൂന്ന് എംപിമാർ നേതൃത്വത്തിന് മുന്നിൽ മൽസരിക്കാനായി കടുത്ത സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് സൂചന.
സീറ്റ് വിവാദങ്ങൾക്കിടെ വൈകാരിക ഫേസ്ബുക്ക് കുറിപ്പുമായി കെ. സുധാകരൻ രംഗത്തെത്തി. കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം വിശദീകരിച്ചുകൊണ്ടാണ് സുധാകരന്റെ പോസ്റ്റ്. സ്ഥാനാർഥി ചർച്ചകളിൽ അതൃപ്തി പ്രകടമാക്കി ഡെൽഹിയിൽ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് സുധാകരൻ പോസ്റ്റ് പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റ് കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നിൽക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.
ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്.
ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.
കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ. സുധാകരൻ തലയുയർത്തി നിൽക്കും.
എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ





































