തിരുവനന്തപുരം: കെ സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പ് പോയ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെഎസ്ആർടിസി എംഡി. സ്വകാര്യ ലോബിയാണ് അപകടത്തിന് പിന്നിലെന്നാണ് കെഎസ്ആർടിസിയുടെ ആരോപണം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമാണ് അപകടമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്‌ത ബസാണ് ഇന്ന് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. ഗ്ളാസിന് 35,000 രൂപ വിലയുണ്ടെന്ന് കെഎസ്ആർടിസി വ്യക്‌തമാക്കി. ഇന്നലെ വൈകിട്ടാണ് കെഎസ്‌ആർടിസി യുടെ അഭിമാന പദ്ധതിയായ കെ സ്വിഫ്‌റ്റ് ബസ് മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്‌തത്. സംസ്‌ഥാന സർക്കാർ ആദ്യമായാണ് സ്‌ളീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്.
അന്തർ സംസ്‌ഥാന സർവീസുകൾക്കാണ് കെ സ്വിഫ്‌റ്റിലെ കൂടുതൽ ബസുകളും ഉപയോഗിക്കുക. സർക്കാർ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുന്നത്. 99 ബസുകളിൽ 28 എണ്ണം എസി ബസുകളാണ്. ഇതിൽ ഏട്ട് എണ്ണം എ സി സ്‌ളീപ്പറും. 20 ബസുകൾ എസി സെമി സ്‌ളീപ്പറുകളുമാണ്. കെഎസ്‌ആർടിസി യെ നവീകരിക്കാനുള്ള സർക്കാരിന്റെ ഏറ്റവും പുതിയ സംരംഭമാണ് കെഎസ്‌ആർടിസി സ്വിഫ്‌റ്റ് ലിമിറ്റഡ്.
അതേസമയം, കെഎസ്ആർടിസിയുടെ ദയാവധത്തിന് വഴിവെക്കുന്നുവെന്ന് ആരോപിച്ച് ഐഎൻടിയുസി, ബിഎംഎസ് ആഭിമുഖ്യത്തിലുള്ള പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. കെഎസ്ആർടിസി ശമ്പളം വൈകുന്നതിൽ ഇന്നലെ പ്രതിഷേധ ദിനവും നടത്തിയിരുന്നു. ഭരണാനുകൂല സംഘടനകളും ചടങ്ങിൽ നിന്ന് വിട്ടു നിന്നു. വിവാദങ്ങളെ കുറിച്ച് ഒന്നും പറയാതെ ആശംസകൾ രണ്ട് വാചകങ്ങളിൽ ഒതുക്കി മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫിന് ശേഷം വേദിയിൽ നിന്ന് മടങ്ങി.
Most Read: ശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് 7 ജില്ലകളിൽ യെല്ലോ അലർട്








































