തിരുവനന്തപുരം: കഴക്കൂട്ടം കഠിനംകുളം സ്വദേശിനി ആതിരയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. കൊല്ലം ദളവാപുരം സ്വദേശിയായ ജോൺസൺ ഔസേപ്പാണ് പോലീസ് പിടിയിലായത്. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്. വിഷവസ്‌തു കഴിച്ചതിനെ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പോലീസ് പിടിക്കുമെന്ന് ഉറപ്പായപ്പോൾ വിഷം കഴിച്ചുവെന്നാണ് പ്രാഥമിക വിവരം. പ്രതിയുടെ ആരോഗ്യനില ഗുരുതരമാണ്. മുൻപ് ജോലി ചെയ്‌തിരുന്ന ഹോം സ്‌റ്റേയിൽ നിന്നാണ് ജോൺസനെ അബോധാവസ്‌ഥയിൽ കണ്ടെത്തിയത്. ഇവിടെയുള്ള സാധനങ്ങൾ എടുക്കാൻ എത്തിയതായിരുന്നു ഇയാൾ. അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു.
ഇയാൾ അഞ്ചുവർഷം മുൻപ് വിവാഹമോചനം നേടിയ ആളാണ്. കൊല്ലം സ്വദേശിയാണെങ്കിലും ഭാര്യയുടെ നാടായ എറണാകുളത്തെ ചെല്ലാനത്താണ് താമസം. അതിരയുമായി ജോൺസണ് ഒരുവർഷത്തോളമായി അടുപ്പമുണ്ട്. ഇൻസ്‌റ്റാഗ്രാമിൽ റീൽസുകൾ പങ്കുവെച്ചാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്. പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയെന്നും പോലീസ് പറയുന്നു.
ഭർത്താവും രണ്ടാം ക്ളാസിൽ പഠിക്കുന്ന മകനുമുള്ള അതിരയോട് ഇവരെ ഉപേക്ഷിച്ച് വരാൻ ജോൺസൺ നിർബന്ധിച്ചു. എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി അതിരയിൽ നിന്ന് പണം വാങ്ങി. 1.30 രൂപയാണ് ആതിരയിൽ നിന്ന് ഇയാൾ പലതവണകളായി വാങ്ങിയത്. കൊല്ലപ്പെടുന്നതിന് മൂന്നുദിവസം മുൻപ് 2500 രൂപ ആതിര നൽകിയതായും കണ്ടെത്തി.
അഞ്ചുമാസത്തിനിടെ പലതവണ ഇയാൾ കഠിനംകുളത്ത് വന്നിരുന്നു. കൊലപാതകത്തിന് അഞ്ചുദിവസം മുൻപ് പെരുമാതുറയിലെ ലോഡ്‌ജിൽ മുറിയെടുത്ത് താമസിച്ച പ്രതി, സംഭവത്തിന് പിന്നാലെ മുറിയൊഴിഞ്ഞു. കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെയാണ് കായംകുളം സ്വദേശിനിയായ ആതിരയെ ഭർതൃവീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ അമ്പലത്തിൽ പൂജയ്‌ക്ക് പോയ രാജേഷ് മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്