തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരെ ജാതിയധിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മോഹിനിയാട്ടം നർത്തകി കലാമണ്ഡലം സത്യഭാമയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ്സി-എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യരുതെന്നും കോടതി നിർദ്ദേശം നൽകി.
ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ചു ഇന്ന് രാവിലെ സത്യഭാമ നെടുമങ്ങാട് കോടതിയിൽ ഹാജരായിരുന്നു. ഒരാഴ്ചക്കുള്ളിൽ നെടുമങ്ങാട് എസ്സി, എസ്ടി കോടതിയിൽ ഹാജരാകണമെന്നാണ് ഹൈക്കോടതി ജസ്റ്റിസ് കെ ബാബു നിർദേശിച്ചിരുന്നത്. ജാമ്യാപേക്ഷ നൽകിയാൽ അന്നുതന്നെ തീർപ്പാക്കാനും നെടുമങ്ങാട് കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
നേരത്തെ ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. വ്യക്തിപരമായി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ കന്റോൺമെന്റ് പോലീസാണ് സത്യഭാമക്കെതിരെ കേസെടുത്തത്. പുരുഷൻമാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നും ആയിരുന്നു സത്യഭാമയുടെ വാക്കുകൾ.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ