കൊച്ചി: കളമശേരി സ്ഫോടന കേസിൽ പ്രതിയുമായുള്ള തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്തി. പ്രതി ഡൊമിനിക് മാർട്ടിൻ ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ എന്നിവയാണ് കണ്ടെത്തിയത്. പെട്രോൾ എത്തിച്ച കുപ്പിയും അന്വേഷണത്തിന് ലഭിച്ചു. ഡൊമിനിക് താമസിച്ചിരുന്ന കൊച്ചിയിലെ അപ്പാർട്ട്മെന്റിന്റെ മുകളിലത്തെ മുറിയിൽ നിന്നാണ് ഇവ കണ്ടെത്തിയത്.
ഡൊമിനിക് മാർട്ടിന്റെ ആലുവ അത്താണിയിലെ കുടുംബ വീട്ടിൽ രാവിലെ ഒമ്പതരയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. തെളിവെടുപ്പിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. അതേസമയം, ഡൊമിനിക് മാർട്ടിൻ സ്ഫോടനത്തിന് പദ്ധതിയിട്ട വിവരം മറ്റൊരാൾക്ക് കൂടി അറിവ് ഉണ്ടായിരുന്നതായി ഭാര്യ മൊഴി നൽകി. സ്ഫോടനത്തിന്റെ തലേദിവസം മാർട്ടിന് ലഭിച്ച ഫോൺകോൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഡൊമിനിക് ഫോണിൽ സംസാരിച്ചത് സ്ഫോടനം നടത്തുന്നതിനെ കുറിച്ചാണെന്നാണ് സംശയം. ഫോൺകോളിനെ കുറിച്ച് അന്വേഷിച്ചപ്പോൾ തന്നോട് മാർട്ടിൻ ക്ഷോഭിച്ചതായും ഭാര്യ നൽകിയ മൊഴിയിൽ പറയുന്നു. നാളെ ഒരിടം വരെ പോകാനുണ്ടെന്നും അതിന് ശേഷം വിവരം പറയാമെന്നും ഡൊമിനിക് സംഭവത്തിന്റെ തലേദിവസം ഭാര്യയോട് പറഞ്ഞിരുന്നു. സ്ഫോടനം നടന്ന വിവരം ഡൊമിനിക് ആദ്യം വിളിച്ചു പറഞ്ഞതും ഭാര്യയെയാണ്.
അതിനിടെ, സ്ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാനസികാരോഗ്യ ടീമിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സ്ഫോടന സമയത്ത് ഉണ്ടായിരുന്ന മുഴുവൻ പേർക്കും മാനസിക പിന്തുണ ഉറപ്പാക്കും. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണിവർ. മാനസികാരോഗ്യ പരിപാടി, ടെലി മനസ് എന്നിവയിലൂടെയാണ് മാനസിക പിന്തുണയും കൗൺസിലിംഗും നൽകുന്നത്.
Most Read| ‘എത്ര വേണമെങ്കിലും ചോർത്തിക്കോളൂ, ഭയമില്ല’; വിമർശനവുമായി രാഹുൽ ഗാന്ധി