ന്യൂഡെൽഹി: പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഐഫോണുകളിലാണ് സന്ദേശം കിട്ടിയത്. ആപ്പിൾ കമ്പനി തന്നെ ഇക്കാര്യം സ്‌ഥിരീകരിച്ചു. തന്റെ ഓഫീസിലുള്ളവർക്കും ആപ്പിളിന്റെ അലർട് കിട്ടി. കെസി വേണുഗോപാൽ, അഖിലേഷ് യാദവ് എന്നിവർക്കും സന്ദേശം ലഭിച്ചെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
ചോർത്തുന്നത് കള്ളൻമാരുടെയും ക്രിമിനലുകളുടെയും പ്രവൃത്തിയാണ്. ഇതിൽ ഭയപ്പെട്ട് പിന്നോട്ടില്ല. അദാനിക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഇത് ചെയ്യുന്നത്. നരേന്ദ്രമോദിയുടെ ആത്‌മാവ് അദാനിയിലാണ്. ഒന്ന് അദാനി, രണ്ടു മോദി, മൂന്ന് അമിത് ഷാ അതാണ് ഇപ്പോൾ ഇന്ത്യയുടെ രാഷ്‌ട്രീയം. എത്ര വേണമെങ്കിലും ചോർത്തിക്കോളൂ, ഭയമില്ല. അദാനിക്കെതിരായ പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തിന്റെ അധികാരത്തിൽ ഒന്നാമൻ അദാനിയാണ്. മോദിയുടെയും അമിത് ഷായുടെയും സ്‌ഥാനം അദാനിക്ക് പിന്നിലാണ്. വിമാനത്താവളങ്ങളും വ്യവസായങ്ങളും അദാനിക്ക് തീറെഴുതി. അദാനിയുടെ ജീവനക്കാരനാണ് മോദി. ഫോൺ ചോർത്തൽ ഭയപ്പെടുത്താനുള്ള നീക്കം മാത്രമാണ്. ക്രിമിനലുകൾ മാത്രമേ ഈ പണി ചെയ്യുകയുള്ളൂ. ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടമാണ് നടത്തുന്നത്. അതിൽ ഒരു പടി മാത്രമാണ് തിരഞ്ഞെടുപ്പ്. ജയമോ പരാജയമോ എന്നതല്ല പോരാടുകയെന്നതാണ് പ്രധാനമെന്നും രാഹുൽ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര, കോൺഗ്രസ് എംപി ശശി തരൂർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം പവൻ ഖേര, ശിവസേന(ഉദ്ധവ്) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി തുടങ്ങിയവരും ആരോപണവുമായി രംഗത്തെത്തിയിരുന്നു. ആപ്പിൾ കമ്പനിയിൽ നിന്ന് ലഭിച്ച മുന്നറിയിപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ സഹിതമാണ് ഇവർ എക്‌സ് പ്ളാറ്റുഫോമിൽ വിവരം പങ്കുവെച്ചത്. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മൂന്ന് ജീവനക്കാരുടെ ഫോണും ഹാക്ക് ചെയ്‌തതായി പരാതിയുണ്ട്.
അതേസമയം, ഫോൺ ചോർത്തൽ വിവാദം സംബന്ധിച്ച് കേന്ദ്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിപക്ഷത്തിന്റേത് സർക്കാരിനെ കരിവാരിതേക്കാനുള്ള ശ്രമമാണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 150 രാജ്യങ്ങളിൽ മുന്നറിയിപ്പ് പോയി. ആരോപണം ഗുരുതരമാണെന്ന് പറഞ്ഞ മന്ത്രി, പ്രതിപക്ഷം അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ആപ്പിളിനോടും അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Most Read| മെസിയല്ലാതെ പിന്നെയാര്! ബലോൻ ദ് ഓർ പുരസ്‌കാര തിളക്കത്തിൽ ഫുട്‌ബോൾ ഇതിഹാസം