കൊച്ചി: കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ, സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിന് സമീപമുള്ള എആർ ക്യാമ്പിലുള്ള ഡൊമിനിക് മാർട്ടിനെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും.
കളമശേരിയിൽ യഹോവയുടെ സാക്ഷികൾ എന്ന സഭാ വിഭാഗത്തിന്റെ കൺവെൻഷൻ വേദിയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേരാണ് മരിച്ചത്. പെരുമ്പാവൂർ കുറുപ്പംപടി ഇരിങ്ങോൾ വട്ടോളിപ്പടി ലയോണ പൗലോസ് (55), തൊടുപുഴ കാളിയാർ കുലത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53), മലയാറ്റൂർ കടുവൻകുഴിവീട്ടിൽ പ്രദീപിന്റെ മകൾ ലിബിന (12) എന്നിവരാണ് മരിച്ചത്. 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്നലെ രാവിലെ കളമശേരിയിൽ സ്ഫോടനം നടന്നതിന് പിന്നാലെ തൃശൂരിലെ കൊടകര പോലീസ് സ്റ്റേഷനിൽ എത്തിയാണ് എറണാകുളം കടവന്ത്ര സ്വദേശിയായ ഡൊമനിക് മാർട്ടിൻ കീഴടങ്ങിയത്. തുടർന്ന് തെളിവുകൾ പരിശോധിച്ച ശേഷം ഡൊമിനിക് മാർട്ടിൻ തന്നെയാണ് കൃത്യം നടത്തിയതെന്ന് സ്ഥിരീകരിക്കുക ആയിരുന്നു. ഇതിന് ശേഷമാണ് പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.
എഡിജിപി എംആർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള 21 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മാർട്ടിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നിലവിൽ ഡൊമിനിക് ഒറ്റക്കാണ് കൃത്യം നടത്തിയതെന്നാണ് സ്ഥിരീകരണം. പ്രതി കൊച്ചിയിലെ തമ്മനത്തെ വീട്ടിൽ വെച്ചാണ് സ്ഫോടക വസ്തു തയ്യാറാക്കിയതെന്നാണ് പോലീസ് പറയുന്നത്.
യഹോവ സാക്ഷികൾ കൂട്ടായ്മയോടുള്ള ആദർശപരമായ അഭിപ്രായ ഭിന്നതയെ തുടർന്നുള്ള പ്രതിഷേധമായാണ് സ്ഫോടനം നടത്തിയതെന്ന് ഇയാൾ വെളിപ്പെടുത്തി. 16 വർഷമായി യഹോവ സാക്ഷികളിൽ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടു. അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ കളമശേരിയിൽ സ്ഫോടനം നടന്ന കൺവെൻഷൻ സെന്ററിലും, പരിക്കേറ്റവർ ചികിൽസയിൽ കഴിയുന്ന കളമശേരി മെഡിക്കൽ കോളേജിലും സന്ദർശനം നടത്തി.
കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ പൊള്ളലേറ്റ് വിവിധ ആശുപത്രികളിലായി ചികിൽസയിലുള്ളത് 17 പേരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ നാലുപേരുടെ ആരോഗ്യനില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. രണ്ടുപേർ വെന്റിലേറ്ററിലാണ്. ഇന്ന് പുലർച്ചെ മരിച്ച 12 വയസുകാരിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Most Read| ‘രാഷ്ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാൻ അധികാരമില്ല’; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ