തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് വ്യക്‌തമാക്കി കാനം രാജേന്ദ്രന്‍. ഒപ്പം തന്നെ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് എല്‍ഡിഎഫിന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീറ്റിനെ ചൊല്ലി ജോസ് വിഭാഗത്തിന്റെ കേരള കോണ്‍ഗ്രസും സിപിഐയും തമ്മില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കുമെന്നും കാനം പറഞ്ഞു.
കോട്ടയത്തെ സീറ്റിനെ ചൊല്ലിയാണ് എല്‍ഡിഎഫില്‍ ഇപ്പോള്‍ തര്‍ക്കങ്ങള്‍ നടക്കുന്നത്. എല്‍ഡിഎഫിലെ രണ്ടാം കക്ഷി സിപിഐ ആണെന്നും, സിപിഐയോട് മല്‍സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ലെന്നും കാനം തുറന്നടിച്ചു. കോട്ടയത്ത് തങ്ങള്‍ക്കവകാശപ്പെട്ട സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കിയാല്‍ എല്‍ഡിഎഫ് വിട്ട് പാലാ നഗരസഭയില്‍ ഉള്‍പ്പടെ തനിച്ച് മല്‍സരിക്കുമെന്നാണ് സിപിഐ വ്യക്‌തമാക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തെ പറ്റിയും കാനം വിശദീകരിച്ചു. ഭരണത്തലവന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്‌തതെന്നും, സ്വര്‍ണ്ണക്കടത്ത് കേസുമായി സര്‍ക്കാരിന് ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കാനം പറഞ്ഞു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും അക്കാര്യത്തില്‍ ആരും എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read also : സമ്മർദ്ദം മുറുകുന്നു; പീഡനക്കേസിൽ ബിനോയ്‌ക്കെതിരെ കുറ്റപത്രം നൽകും