കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും കടല്‍ വെള്ളത്തിന് നിറ വ്യത്യാസം. കിലോമീറ്ററോളം ദൂരത്തില്‍ നിറവ്യത്യാസം പ്രകടമായിരുന്നു. പുഞ്ചാവി, ഹോസ്ദുർഗ് മേഖലകളിലാണ് കടല്‍ വെള്ളം പച്ചനിറത്തില്‍ കാണപ്പെട്ടത്. ഇത് തീരദേശ വാസികളില്‍ ആശങ്ക പടര്‍ത്തി.
എന്നാല്‍ ഇത് മണ്‍സൂണിന് ശേഷം കടലില്‍ ഉണ്ടാവുന്ന കടല്‍ക്കറ ആണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ‘ആല്‍ഗ ബ്ളൂം‘ എന്നാണ് ഈ പ്രതിഭാസത്തിന്റെ യഥാർത്ഥ പേര്. ആല്‍ഗകളാണ് വെള്ളത്തിന്റെ നിറ വ്യത്യാസത്തിന് കാരണം.
മണ്‍സൂണിലെ മഴക്ക് ശേഷം കായലുകളില്‍ നിന്ന് സസ്യങ്ങള്‍ക്ക് വളരാന്‍ ആവശ്യമായ ധാതുക്കള്‍ അടങ്ങിയ ജലം കടലിലേക്ക് ഒഴുകിയെത്തും. ഇതേ തുടര്‍ന്ന് കടല്‍വെള്ളത്തിലെ അതിസൂക്ഷ്മ ആല്‍ഗകള്‍ വര്‍ധിക്കുന്നു. ഇതിനാലാണ് പച്ചനിറം കാണപ്പെടുന്നത്.
നേരത്തെ പല തവണ ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, പച്ച നിറമുള്ള ആല്‍ഗകള്‍ വിഷമയമാണെന്ന പ്രചാരണം തെറ്റാണെന്നും മല്‍സ്യ തൊഴിലാളികളും ചൂണ്ടിക്കാണിക്കുന്നു.
Read Also: സ്വര്‍ണക്കടത്ത്; പ്രതി മുഹമ്മദ് ഷാഫിയുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും







































