കണ്ണൂർ: പരിയാരത്ത് റോഡരികിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് പ്രതിയെന്ന് പോലീസ്. ഇവർ റോഡരികിൽ കിടക്കുകയായിരുന്നുവെന്ന് പറഞ്ഞ യുവാവിന്റെ ബൈക്കാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
എരമം സ്വദേശികളായ നോർത്ത് തവിടിശ്ശേരി വിജയൻ (50), ഉള്ളൂർ രതീഷ് (45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ മാതമംഗലം പെരുന്തട്ട മേച്ചിറയിലാണ് ഇവരെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. പെരുന്തട്ടയിൽ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു ഇവർ.
ബൈക്കിൽ ഇതുവഴി വരികയായിരുന്ന എരമം സ്വദേശി ശ്രീതളാണ് ഇവരെ പരിക്കേറ്റ നിലയിൽ കണ്ടത്. റോഡിൽ രണ്ടുപേർ വീണ് കിടക്കുന്നത് കണ്ടുവെന്നും നിയന്ത്രണം വിട്ട് തന്റെ ബൈക്കും മറിഞ്ഞുവെന്നാണ് ശ്രീതൾ പറഞ്ഞത്. ഇയാൾക്കും പരിക്കേറ്റിരുന്നു. തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിജയനും രതീഷും മരിച്ചു. പിന്നാലെ പെരിങ്ങോം പോലീസ് വിശദമായി പരിശോധന നടത്തിയപ്പോഴാണ് ശ്രീതളിന്റെ ബൈക്കാണ് ഇവരെ തട്ടിയതെന്ന് വ്യക്‌തമായത്.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!