കണ്ണൂർ: ഉത്തരമലബാറിന്റെ വികസന സ്വപ്‌നങ്ങൾക്ക് പുതിയ മുഖം നൽകിയ കണ്ണൂര്‍ വിമാനത്താവളം രണ്ടാം വാര്‍ഷികത്തിന്റെ നിറവില്‍. കേരളത്തിലെ നാലാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളം കൂടിയായ കണ്ണൂർ ആധുനിക സൗകര്യങ്ങളോട് കൂടി മികച്ച നിലവാരത്തിലാണ് പണി കഴിപ്പിച്ചത്. രണ്ട് വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാരെന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് കണ്ണൂർ വിമാനത്താവളം.
കോവിഡ് ഭീതി ഒഴിയുന്നതോടെ വിദേശ വിമാന സര്‍വീസുകളും, ചരക്കുനീക്കത്തിനുള്ള അനുമതിയും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കിയാല്‍ അധികൃതർ. 2018 ഡിസംബര്‍ ഒമ്പതിനായിരുന്നു ഉത്തര മലബാറിന്റെ സ്വപ്‍നം പറന്നുയർന്നത്. നിലവിൽ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ് കണ്ണൂരിലേത്.
വിമാനത്താവളം വന്നതിനൊപ്പം ജില്ലയിലെയും, അയൽ ജില്ലകളിലെയും റോഡ് ഗതാഗതത്തിനും നിലവാരം കൂടി. വിമാനത്താവളത്തിൽ എത്താനുള്ള റോഡുകളെല്ലാം മികച്ച നിലവാരത്തിലാണ് പണി തീർത്തത്.
കോവിഡ് കാലത്ത് ഒന്‍പത് വിദേശ വിമാന കമ്പനികളും കണ്ണൂരിലേക്ക് ചര്‍ട്ടേര്‍ഡ് സര്‍വീസ് നടത്തി.
വന്‍ വികസന മുന്നേറ്റം തന്നെയാണ് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കിയാല്‍ ലക്ഷ്യമിടുന്നതെന്ന് എം ഡി വി തുളസീദാസ് പറഞ്ഞു. ഇതിന്റെ ഭാഗമായി റണ്‍വേ 4000 മീറ്ററാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കാര്‍ഗോ സേവനങ്ങളും ഉടന്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. പഴം, പച്ചക്കറി കയറ്റുമതിക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ലഭ്യമായി.വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ കേന്ദ്രത്തില്‍ നിന്നുള്ള അനുമതി കൂടി ലഭിച്ചാല്‍ കണ്ണൂരിന്റെ പ്രതീക്ഷകള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തും.
Read Also: സിബിഎസ്‌ഇ സ്‌കൂളുകളിൽ ഫീസിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്