കണ്ണൂർ: ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി കണ്ണൂർ ജില്ലാ കളക്‌ടർ അരുൺ കെ വിജയൻ. കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തോടനുബന്ധിച്ചുള്ള വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണ് ഔദ്യോഗിക പരിപാടികളിൽ നിന്ന് കളക്‌ടർ മാറിനിൽക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പങ്കെടുക്കേണ്ട പരിപാടിയും കളക്‌ടർ ഒഴിവാക്കും.
എകെജി സ്‌കൂളിന്റെ കെട്ടിടോൽഘാടന ചടങ്ങിൽ മുഖ്യമന്ത്രിയാണ് മുഖ്യാതിഥി. ഇന്നലെ രാത്രി പിണറായിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയുമായി കളക്‌ടർ 20 മിനിട്ടോളം കൂടിക്കാഴ്‌ച നടത്തിയിരുന്നു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അദ്ദേഹം മുഖ്യമന്ത്രിയോട് വിശദീകരിച്ചു.
അതിനിടെ, പിപി ദിവ്യക്കെതിരായ സൈബറാക്രമണത്തിന് പോലീസ് കേസെടുത്തു. ദിവ്യയുടെ ഭർത്താവ് പിപി അജിത്ത് നൽകിയ പരാതിയിലാണ് കേസ്. തെറ്റായ സൈബർ പ്രചരണമെന്ന് ആരോപിച്ചാണ് കേസ്. അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ മുൻകൂർ ജാമ്യഹരജിയിൽ പിപി ദിവ്യയുടെ ആരോപണങ്ങൾ കണ്ണൂർ സ്വദേശിയായ ഗംഗാധരൻ തള്ളി.
തന്റെ സ്‌ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിൽ നിന്ന് നൽകിയ സ്‌റ്റോപ്പ് മേമ്മോയ്‌ക്ക് എതിരെയാണ് പരാതി പറഞ്ഞത്. എഡിഎം കൈക്കൂലി വാങ്ങിയതായി താൻ പരാതിയിൽ പറഞ്ഞിട്ടില്ല. എഡിഎം മുതൽ താഴേക്ക് റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്‌ഥ ശ്രേണിയിലെ എല്ലാ ഉദ്യോഗസ്‌ഥർക്കും എതിരെയാണ് താൻ വിജിലൻസിന് പരാതി നൽകിയത്. ഉദ്യോഗസ്‌ഥരെല്ലാം തനിക്കെതിരെ ചതിപ്രയോഗം നടത്തിയിട്ടുണ്ട്. വിജിലൻസിന് നൽകിയ പരാതി എഡിഎം മരിക്കുന്നതിന് മുന്നേ കൊടുത്തതാണ്. കൈക്കൂലി പ്രതീക്ഷിക്കുന്നുവെന്ന നിലയിൽ പെരുമാറ്റം എഡിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ഗംഗാധരൻ പറഞ്ഞു.
Most Read| ഡെൽഹിയിൽ സ്‌കൂളിന് സമീപം ബോംബ് സ്‍ഫോടനം; സ്‌ഥലത്ത് വിദഗ്‌ധ പരിശോധന