നിതിൻ രാജിന്റെ മരണം; കാമ്പസിൽ യുഡിഎഫ് പ്രതിഷേധം, പോലീസുമായി സംഘർഷം

കോളേജ് മാനേജ്മെന്റിന്റെയും കുറ്റക്കാരായ അധ്യാപകർക്ക് എതിരെയും കർശന നടപടി ആവശ്യപ്പെട്ടാണ് ഇന്ന് രാവിലെ കാമ്പസിൽ കെഎസ്‌യുവിന്റെ സമരം നടന്നത്.

By Senior Reporter, Malabar News
KSU March
Rep. Image
Ajwa Travels

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കനക്കുന്നു. കാമ്പസിൽ പ്രതിഷേധവുമായി എത്തിയ കെഎസ്‌യു പ്രവർത്തകരെ പോലീസ് ബലമായി അറസ്‌റ്റ് ചെയ്‌ത്‌ നീക്കി.

പ്രതിഷേധത്തിനിടെ പോലീസും പ്രവർത്തകരും തമ്മിൽ വലിയ സംഘർഷമുണ്ടായി. സമരത്തിനെത്തിയ ഒരു വനിതാ പ്രവർത്തകയെ പോലീസ് ക്രൂരമായി വലിച്ചിഴയ്‌ക്കുകയും കയ്യിലും കാലിലും പിടിച്ചു തൂക്കി വാനിലേക്ക് കയറ്റുകയും ചെയ്‌തതാണ്‌ വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്.

കോളേജ് മാനേജ്മെന്റിന്റെയും കുറ്റക്കാരായ അധ്യാപകർക്ക് എതിരെയും കർശന നടപടി ആവശ്യപ്പെട്ടാണ് ഇന്ന് രാവിലെ കാമ്പസിൽ കെഎസ്‌യുവിന്റെ സമരം നടന്നത്. ‘നാണംകെട്ട പോലീസെ’ എന്ന് വിളിച്ചുകൊണ്ടായിരുന്നു പ്രവർത്തകർ പോലീസിനെതിരെ ആഞ്ഞടിച്ചത്. പോലീസ് അധ്യാപകരിൽ നിന്നും മറ്റും താൽപര്യങ്ങൾ കൈപ്പറ്റിയാണ് വിദ്യാർഥികളോട് ഇത്തരത്തിൽ ക്രൂരമായി പെരുമാറുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

നിതിൻ രാജ് മരണത്തിന് മുൻപ് അയച്ച വോയിസ് നോട്ടുകൾ അധ്യാപകരുടെ പീഡനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. അധ്യാപകർ തങ്ങളെ ക്രൂരമായി മർദ്ദിക്കുമെന്നും ഇന്റേണൽ മാർക്കിന്റെ പേരിൽ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും വോയിസ് നോട്ടിൽ പറയുന്നുണ്ട്. ഒരു പാവപ്പെട്ട വിദ്യാർഥിക്ക് നീതി ലഭ്യമാക്കുന്നതിന് പകരം പോലീസ് പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും കെഎസ്‌യു നേതാക്കൾ ആരോപിച്ചു.

അതിനിടെ, നിതിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ. റാം, അസോഷ്യേറ്റ് പ്രഫസർ ഡോ. സംഗീത എന്നിവരെ വൈകാതെ അറസ്‌റ്റ് ചെയ്‌തേക്കും. ഇതുവർക്കും നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്. ഇവരെ അറസ്‌റ്റ് ചെയ്യാത്തതിലാണ് പ്രതിഷേധം കനക്കുന്നത്.

അതേസമയം, ജാതി അധിക്ഷേപത്തിന് പുറമെ, ഓൺലൈൻ വായ്‌പാ സംഘത്തിന്റെ ഭീഷണിയും നിതിൻ ജീവനൊടുക്കാൻ കാരണമായെന്ന നിഗമനത്തിലാണ് പോലീസ്. നിതിൻ ഓൺലൈൻ വായ്‌പാ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിന്റെ നിർണായക ചാറ്റുകളടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ വായ്‌പാ സംഘം നിതിന്റെ അധ്യാപികയ്‌ക്കും ഭീഷണി സന്ദേശം അയച്ചെന്ന് പോലീസ് പറയുന്നു.

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ആര്യനാട് ഉഴമലയ്‌ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്ത് വീട്ടിൽ പെയിന്റിങ് തൊഴിലാളിയായ വൈഎൽ. രാജന്റെയും സിആർ. ലതയുടെയും ഏക മകനാണ്.

അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ

നിതിന്റെ മരണത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപി സംസ്‌ഥാന സെക്രട്ടറി പി. ശ്യാംരാജ് നൽകിയ പരാതിയിലലാണ് കമ്മീഷന്റെ നടപടി. അഞ്ച് ദിവസത്തിനകം അന്വേഷിച്ചു റിപ്പോർട് നൽകണമെന്ന് സംസ്‌ഥാന ഡിജിപിയോട് കമ്മീഷൻ ആവശ്യപ്പെട്ടു.

Most Read| ഹംഗറിയിൽ വിക്‌ടർ ഓർബൻ ഭരണത്തിന് അന്ത്യം; പീറ്റർ മഗ്യാർ അധികാരത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE