കണ്ണൂർ: ഉരുവച്ചാലിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയാണ് (39) മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയവെയാണ് മരണം.
പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷാണ് പ്രവീണയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ചത്. ഇന്നലെ ഉച്ചയോടെ യുവതിയുടെ വീട്ടിലെത്തിയ ജിജേഷ് ആക്രമിക്കുകയും പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ആക്രമണത്തിനിടെ പൊള്ളലേറ്റ ജിജേഷ് പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
ജിജേഷിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. യുവതിയുടെ ഭർത്താവ് അജീഷ് വിദേശത്താണ്. അജീഷിന്റെ മാതാപിതാക്കൾക്കൊപ്പം പ്രവീണ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പ്രതി ഇവിടേക്കെത്തിയാണ് യുവതിയെ ആക്രമിച്ചത്. വെള്ളം ആവശ്യപ്പെട്ട് എത്തിയ ജിജേഷ് വീടിനുള്ളിലേക്ക് കയറുകയായിരുന്നു.
പിന്നീട് നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ അടുക്കളഭാഗത്ത് കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇരുവരും പരിചയക്കാരാണെന്നും വ്യക്‌തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നതായും പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി പ്രതിയുടെ ഫോൺ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി