പാനൂർ: കണ്ണൂരിലും റാഗിങ് പരാതി. കൊളവല്ലൂരിൽ പ്ളസ് വൺ വിദ്യാർഥിയെ മർദ്ദിച്ച് എല്ലൊടിച്ചതായാണ് പരാതി. കോട്ടയം സർക്കാർ നഴ്‌സിങ് കോളേജിലെ ക്രൂര റാഗിങ്ങിന്റെ ഞെട്ടൽ മാറും മുൻപേയാണ് കണ്ണൂരിലും സമാന സംഭവം നടന്നതായുള്ള റിപ്പോർട് പുറത്തുവരുന്നത്. കൊളവല്ലൂർ പിആർഎം മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.
നോട്ടം ശരിയല്ല, ബഹുമാനിക്കുന്നില്ല എന്നീ കാരണത്താലാണ് പ്ളസ് വൺ വിദ്യാർഥിയെ പ്ളസ് ടു വിദ്യാർഥികൾ മർദ്ദിച്ചതെന്നാണ് വിവരം. സംഭവത്തിൽ പ്ളസ് ടു വിദ്യാർഥികളായ അഞ്ചുപേരെ പ്രതിചേർത്ത് പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ബുധനാഴ്‌ച രാത്രിയാണ് സംഭവം. പാറോട് തളിയന്റവിട മുഹമ്മദ് നിഹാലിനാണ് റാഗിങ് നേരിടേണ്ടി വന്നത്.
പ്ളസ് ടു വിദ്യാർഥികളെ അനുസരിച്ചില്ലെന്ന് പറഞ്ഞ് ആക്രമിച്ചതായാണ് പരാതി. നിലത്തിട്ട് വലിച്ചതായും ആരോപണമുണ്ട്. തോളെല്ലിന് പരിക്കേറ്റ നിഹാലിനെ ശത്രക്രിയയ്‌ക്ക് വിധേയനാക്കി. നിഹാൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവം ചർച്ച ചെയ്യാൻ ഇന്ന് പിടിഎ യോഗം വിളിച്ചിട്ടുണ്ട്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്







































