കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ കമ്പ്യൂട്ടർ ലാബിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സർവകലാശാല അധികൃതരുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ അട്ടിമറി ഉണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു. കണ്ണപുരം പോലീസാണ് കേസ് അന്വേഷിക്കുന്നത്.
തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ക്രിസ്മസ് അവധിയായതിനാൽ കമ്പ്യൂട്ടർ ലാബ് അടച്ചിട്ടിരിക്കുകയായിരുന്നു. കണ്ണൂർ സർവകലാശാല ധർമശാല സ്കൂൾ ഓഫ് പെഡഗോളോജിക്കൽ സയൻസിന്റെ ലാബിലാണ് തീപിടിത്തമുണ്ടായത്. ഇന്റർനെറ്റ് സാമഗ്രികളും കമ്പ്യൂട്ടറുകളുമാണ് കത്തിനശിച്ചത്. നെറ്റ്വർക്ക് സ്വിച്ച് ബോർഡിലുണ്ടായ ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. രണ്ടാം നിലയിലെ കമ്പ്യൂട്ടർ ലാബിൽ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീപിടിത്തം മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് സർവകലാശാലക്ക് ഉണ്ടായത്. ഇതിന് പിന്നിൽ അട്ടിമറി ഉണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. പട്ടാപ്പകൽ നടന്ന തീപിടിത്തത്തിനെ കുറിച്ച് സർവകലാശാല ആഭ്യന്തര വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജം






































