കറാച്ചി: പാകിസ്‌ഥാനിലെ കറാച്ചിയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചതായും 15 പേര്‍ക്ക് പരിക്കേറ്റതായും എഥി ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ പട്ടേല്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പാക് മാദ്ധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്‌തു.
മസ്‌കാന്‍ ചൗരംഗിയിലെ ഗുല്‍ഷന്‍-ഇ-ഇഖ്ബാല്‍ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ ഒരു ബഹുനില കെട്ടിടത്തിലെ രണ്ടാം നിലയിലാണ് സ്‌ഫോടനം നടന്നതെന്നാണ് കരുതുന്നത്. എന്നാല്‍ സ്‌ഫോടനത്തിന്റെ യഥാര്‍ഥ കാരണം ഇനിയും വ്യക്‌തമായിട്ടില്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബോംബ് നിര്‍മാര്‍ജന സ്‌ക്വാഡ് പരിശോധനക്ക് ശേഷമേ ഇത് സംബന്ധിച്ച് കൂടുതല്‍ സ്‌ഥിരീകരണം ഉണ്ടാവുകയുള്ളു എന്ന് മുബീന ടൗണ്‍ പൊലീസ് എസ്എച്ച്ഒ അറിച്ചു.
അപകടത്തില്‍ കെട്ടിടത്തിന്റെ ഭൂരിഭാഗവും തകര്‍ന്ന നിലയിലാണ്. കൂടാതെ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങളുടെ ജനലുകള്‍ക്കും ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും ദൃക്‌സാക്ഷികള്‍ അറിയിച്ചു.
അവശിഷ്‌ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന സംശയവും നിലവിലുണ്ട്. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Read Also: കത്‌വാ കേസ് അഭിഭാഷകക്ക് നേരെ കൊലവിളിയുമായി ഹിന്ദുത്വ വാദികൾ