ഓടികൊണ്ടിരിക്കെ പൊട്ടിത്തെറിച്ച കാര്‍; ചവേർസ്‌ഫോടന സംശയം ബലപ്പെടുന്നു

പൊട്ടിത്തെറിച്ച കാറും പൊട്ടിത്തെറിയിൽ വെന്തുരുകിയ ജമേഷ മുബീൻ എന്ന 25 കാരനും ചാവേർ ഭാഗമാണോ എന്ന സംശയത്തിന് ബലം നൽകുന്ന അനേകം കാര്യങ്ങൾ പോലീസ് ചൂണ്ടികാണിക്കുന്നുണ്ട്.

By Central Desk, Malabar News
Car Blast Coimbatore
കാർ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട മുബീന്റെ കാറിലേക്ക് എന്തോ സാധനങ്ങൾ കയറ്റുന്ന 4 പേരുടെ സിസിടിവി ദൃശ്യം.
Ajwa Travels

കോയമ്പത്തൂർ: ഓടികൊണ്ടിരിക്കെ പൊട്ടിത്തെറിച്ച കാര്‍ ചവേർ സ്‌ഫോടനത്തിനായി തയാറാക്കിയതാണെന്നും സ്ഫോടനത്തിൽ മരിച്ച ഉക്കടം ജിഎം നഗറില്‍ താമസിക്കുന്ന എന്‍ജിനീയറിങ് ബിരുദധാരി  ജമേഷ മുബീന്‍ എന്ന 25കാരൻ ചാവേറാണെന്നും സംശയിക്കാവുന്ന സൂചനകൾ പുറത്തുവരുന്നു.

മുബിന്റെ ഉക്കടത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക സാധ്യതയുള്ള വസ്‌തുക്കൾ കണ്ടെത്തിയിരുന്നു. പൊട്ടാസ്യം നൈട്രേറ്റ്, ചാർകോൾ, സൾഫ‌ർ, അലുമിനിയം പൗഡ‌ർ എന്നിവയാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഇതാണ് മുബീൻ ചാവേറാണെന്നും വലിയ സ്ഫോടനത്തിന് ഇയാൾ പദ്ധതി ഇട്ടിരുന്നുവെന്നുമുള്ള നിഗമനത്തിലേക്ക് പോലീസ് എത്താനുള്ള കാരണം. മാത്രവുമല്ല, കാർസ്‌ഫോടന ദിവസം രാത്രി വീട്ടിൽ മുബിൻ തനിച്ചായിരുന്നില്ല എന്നതും സംശയത്തെ ബലപ്പെടുത്തുന്നു.

പൊട്ടിത്തെറിച്ച, പൊള്ളാച്ചിയിൽ രജിസ്‌റ്റർ ചെയ്‌ത മാരുതി 800 കാ‍ർ 9 തവണ കൈമാറ്റം ചെയ്‌താണ്‌ മുബീന്റെ കയ്യിലെത്തുന്നത്. പൊട്ടിത്തെറിച്ച കാറിനകത്ത് നിന്ന് മാർബിൾ ചീളുകളും ആണികളും കണ്ടെത്തിയതും പൊട്ടിത്തെറിക്കാത്ത നിലയിൽ ഒരു പാചകവാതക സിലിണ്ട‍ർ കൂടി കാറിനകത്ത് കണ്ടെത്തിയതും സംശയങ്ങൾ കൂടുതൽ ബലപ്പെടുത്തുകയാണ്. ഉക്കടത്തെ തിരക്കേറിയ ക്ഷേത്രത്തിന് സമീപമാണ് കാർ പൊട്ടിത്തെറിച്ചതെന്നതും അതും ദീപാവലി തലേന്നാണ് എന്നതും സംശയത്തിന് ആക്കം കൂട്ടാൻ കാരണമായിട്ടുണ്ട്.

സ്‌ഫോടനം നടത്താനായി പോകുംവഴി അപ്രതീക്ഷിത പൊട്ടിത്തെറിയാണ് ഉണ്ടായതെന്നും ഇതിൽ ജമേഷ മുബീന്‍ കൊല്ലപ്പെടുകയും ആയിരുന്നു എന്നാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്. നിലവിൽ വിഷയവുമായി ബന്ധപ്പെട്ട് 7 പേരെ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളിൽ രാത്രി 11.45ന് നാലു പേർ പൊട്ടിത്തെറിച്ച കാറിനകത്തേക്ക് എന്തൊക്കെയോ സാധനങ്ങൾ എടുത്തു വയ്‌ക്കുന്നത്‌ പതിഞ്ഞിട്ടുണ്ട്. ഈ 4 പേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഫോടന സമയത്ത് പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറാകാം ഇവർ കാറിലേക്ക് എടുത്തുവെച്ചിരുന്നത് സൂചന.

Coimbatore Car blast _ Killed Jamesha Mubin
കൊല്ലപ്പെട്ട ജോമേഷ മുബീൻ

തമിഴ‍്‍നാട് ഡിജിപി സി.ശൈലേന്ദ്രബാബുവും എഡിജിപി താമരൈക്കണ്ണനും നേരിട്ട് നേതൃത്വം നൽകുന്ന 6 സംഘങ്ങളുടെ കുറ്റാന്വേഷണമാണ് നടക്കുന്നത്. സ്‌ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ച്‌ അന്വേഷണം തുടരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മുബിനുമായി ബന്ധപ്പെട്ടവരെയും മുബിൻ സന്ദ‍ശിച്ചവരേയും തിരിച്ചറിയാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

Most Read: സായിബാബ ജയിലിൽ തുടരും; കുറ്റമുക്‌തനാക്കിയ വിധി മരവിപ്പിച്ച് സുപ്രീംകോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE